അർധരാത്രി യുവതിയെ ട്രെയിനിൽനിന്ന് ഇറക്കിവിട്ടു, അറസ്റ്റ് ചെയ്തു; റെയിൽവേ രണ്ടു ലക്ഷം നഷ്ടപരിഹാരം നൽകണം

Share our post

തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യാത്രക്കാരിയെ അർദ്ധരാത്രി ട്രെയിനിൽനിന്ന് ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് നിർണായക ഉത്തരവിട്ടത്.

ഒരു മാസത്തിനകം റെയിൽവേ തുക നൽകണം. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് അന്വേഷണം നടത്തി ഈ തുക ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തൃശൂർ എരുമപ്പെട്ടി സ്വദേശിനിയും തിരുവനന്തപുരത്ത് താമസക്കാരിയുമായ കെ. ജയസ്മിത നൽകിയ പരാതിയിലാണ് നടപടി. തുക നൽകിയശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

2023 ജൂലൈ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസിൽ (16348) എസ് 4 കംപാർട്ട്മെന്റിൽ ജയസ്മിത ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. എന്നാൽ അനുവദിക്കപ്പെട്ട 41-ാം നമ്പർ ബർത്തിലെത്തിയപ്പോൾ അത് മറ്റൊരാൾക്ക് നൽകിയതായി കണ്ടു. തുടർന്ന് ടി.ടി.ഇയെ സമീപിച്ചപ്പോഴാണ് ടിക്കറ്റ് ഓൺലൈനിൽ കാൻസൽ ചെയ്തിട്ടുള്ളതായി അറിയുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് നേരിട്ടെടുത്ത കൗണ്ടർ ടിക്കറ്റ് എങ്ങനെ ഓൺലൈനായി കാൻസൽ ആകുമെന്ന് ചോദിച്ചെങ്കിലും ടി.ടി.ഇ മറുപടി നൽകിയില്ല.

500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് തരാമെന്ന് ടി.ടി.ഇ അറിയിച്ചെങ്കിലും യാത്രക്കാരിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല. സ്വന്തം അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് കാൻസൽ ചെയ്തത് എങ്ങനെയെന്ന് ചോദിച്ചെങ്കിലും ഉദ്യോഗസ്ഥൻ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. അർധരാത്രിയായതിനാൽ ഇറക്കിവിടരുതെന്ന് അപേക്ഷിച്ചിട്ടും ടി.ടി.ഇ മോശമായി പെരുമാറുകയും ട്രെയിൻ ആലുവയിലെത്തിയപ്പോൾ ആർ.പി.എഫിന് കൈമാറുകയുമായിരുന്നു. ആർ.പി.എഫ് ഉദ്യോഗസ്ഥരും തന്നോട് മോശമായി പെരുമാറുകയും കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് തെറ്റായി രജിസ്റ്റർ ചെയ്ത കേസാണെന്ന് ബോധ്യപ്പെട്ടതോടെ റെയിൽവേ തന്നെ കേസ് പിൻവലിക്കുകയായിരുന്നു.

റെയിൽവേ നടത്തിയ അന്വേഷണത്തിൽ, പരാതിക്കാരി റിസർവേഷൻ ഫോമിൽ നൽകിയ മൊബൈൽ നമ്പറിലെ ഒരു അക്കം ബുക്കിങ് ക്ലാർക്ക് തെറ്റി രേഖപ്പെടുത്തിയതായി കണ്ടെത്തി. തെറ്റായ നമ്പറിലേക്ക് മെസേജ് പോയതോടെ, ആ മെസേജ് ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റായതിനാൽ ഓൺലൈനായി കാൻസൽ ചെയ്യുകയായിരുന്നു.

റെയിൽവേ ആക്ടിലെ സെക്ഷൻ 137, 139 എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. മാതാപിതാക്കളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയുടെ, അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാവകാശമാണ് ലംഘിക്കപ്പെട്ടത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ ട്രെയിനിൽനിന്ന് ഇറക്കിവിടരുതെന്ന നിയമം നിലനിൽക്കെയാണ് ഈ അതിക്രമം.

ക്രിമിനൽ കേസിൽപ്പെട്ടതോടെ തനിക്ക് സർക്കാരിലുണ്ടായിരുന്ന കരാർ ജോലി നഷ്ടമായെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഇതിൽ ആശ്വാസം തേടി സർക്കാരിന് അപേക്ഷ നൽകാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരുമാസത്തിനകം ഇതിൽ തീരുമാനമെടുക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

നഷ്ടപരിഹാര തുക ആറാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ എട്ടു ശതമാനം പലിശ സഹിതം നൽകേണ്ടിവരും. കൂടാതെ, രാത്രിയിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും റെയിൽവേ ആക്ടിലെ 137, 139 സെക്ഷനുകൾ പാലിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കായി ഉടൻ സർക്കുലർ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!