പച്ചപ്പ് നിറയ്ക്കും, മാനസിക സമ്മർദ്ദം അകറ്റും: വീടിനുള്ളിൽ സന്തോഷം നിറയ്ക്കുന്ന ആറ് ചെടികൾ
വീടുകളിലെ കുഞ്ഞു പച്ചപ്പുകൾക്ക് നമ്മുടെ മനസ്സിനെ തൊടാൻ പ്രത്യേക കഴിവുണ്ട്. ചുവരുകൾക്കുള്ളിലെ ജീവിതത്തിൽ ടെൻഷനും മാനസിക സമ്മർദവും മുറുകുമ്പോൾ, അൽപം ആശ്വാസവും സമാധാനവും നൽകാൻ ഇൻഡോർ ചെടികൾക്ക് കഴിയും. വീടിനകത്ത് ചെടികൾ വളർത്തുന്നത് പോസിറ്റീവ് ഊർജം നിറയ്ക്കുമെന്നും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ എല്ലാ ചെടികളും വീടിനുള്ളിൽ ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ലിവിങ് റൂമിനും കിടപ്പുമുറികൾക്കും കൂടുതൽ അഴകും മനസ്സിന് ഉന്മേഷവും നൽകുന്ന ചില മികച്ച ഇൻഡോർ പ്ലാന്റുകൾ പരിചയപ്പെടാം.
പീസ് ലില്ലി: കുറഞ്ഞ പരിചരണം മാത്രം മതിയെന്നതാണ് പീസ് ലില്ലിയുടെ പ്രധാന സവിശേഷത. അതിമനോഹരമായ വെള്ളപ്പൂക്കളും പച്ചപ്പും ഒറ്റനോട്ടത്തിൽ തന്നെ മനസ്സിൽ ശാന്തതയും പോസിറ്റിവിറ്റിയും നിറയ്ക്കും.
സ്നേക് പ്ലാന്റ്: നീണ്ട ഇലകളുടെ വശങ്ങളിലുള്ള മഞ്ഞ വരകളാണ് ഇതിന്റെ പ്രധാന ആകർഷണം. വായു ശുദ്ധീകരിക്കാനും വീടിനുള്ളിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും ഏറ്റവും അനുയോജ്യമായ ചെടിയാണിത്.
സ്പൈഡർ പ്ലാന്റ്: പച്ചയും വെള്ളയും കലർന്ന ഇലകളുള്ള ഈ കുഞ്ഞു ചെടി ഭിത്തികളിൽ തൂക്കിയിടാനും ഷെൽഫുകളിൽ വയ്ക്കാനും മികച്ചതാണ്
റബർ പ്ലാന്റ്: കടുംനിറത്തിലുള്ള, തിളക്കമുള്ള വലിയ ഇലകളാണ് റബർ പ്ലാന്റിനുള്ളത്. വീടിന്റെ ഏത് കോണിലും ഗാംഭീര്യത്തോടെയും അഴകോടെയും വളർത്താൻ ഇത് സഹായിക്കും.
സിസി പ്ലാന്റ്: വളരെ കുറഞ്ഞ വെളിച്ചത്തിലും വെള്ളത്തിലും വളരുന്ന സിസി പ്ലാന്റുകൾ ഇന്ന് മിക്ക വീടുകളിലെയും താരം. വായു ശുദ്ധീകരണത്തിന് മുൻപന്തിയിലുള്ള ഈ ചെടി മനസ്സിന് വലിയൊരു ആശ്വാസമാണ്.
എലിഫന്റ് ഇയർ പ്ലാന്റ്: ചേമ്പിലകളോട് സാമ്യമുള്ള, ഹൃദയാകൃതിയിലുള്ള വലിയ ഇലകളാണ് ഇവയുടെ പ്രത്യേകത. വീടിനകത്ത് ഒരു ട്രോപ്പിക്കൽ ലുക്ക് നൽകാൻ ഇവയ്ക്ക് കഴിയും.
ഈ കുഞ്ഞു പച്ചപ്പുകളെ നിങ്ങളുടെ വീടിന്റെ ഭാഗമാക്കൂ, ഒപ്പം മാനസികസമ്മർദങ്ങൾ അകറ്റി മനസ്സമാധാനം വീണ്ടെടുക്കൂ
