ചെങ്കൽപാറ പരപ്പുകളിൽ പുതിയ ഇനം തുമ്പിയെ കണ്ടെത്തി; ‘ലെസ്റ്റസ് പാലോട്ടി’
തളിപ്പറമ്പ് : സർ സയ്യിദ് കോളജിനു സമീപത്തെ വരഡൂർ – പനക്കാട് പ്രദേശത്തെ ചെങ്കൽപാറ പരപ്പുകളിൽ പുതിയ ഇനം തുമ്പിയെ കണ്ടെത്തി. നീലത്തവിടൻ ചേരാച്ചിറകൻ എന്നു പേരു നൽകിയ ചേരാച്ചിറകൻ സൂചിത്തുമ്പി ഇനമായ ലെസ്റ്റസ് പാലോട്ടിയെ (Lestes paloti) പാല അൽഫോൻസ് കോളജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ വിനയൻ പി.നായർ, ഡോ.മായ ജോർജ്, ഡോ.ഏബ്രഹാം സാമുവൽ (ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് കോട്ടയം), ഡോ.കലേഷ് സദാശിവൻ (ടിഎൻഎച്ച്എസ് തിരുവനന്തപുരം) എന്നിവരാണു കണ്ടെത്തിയത്.
ഈ തുമ്പിക്ക് ലെസ്റ്റസ് പാലോട്ടി എന്ന പേരു നൽകിയത് കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കണ്ണൂർ പഴയങ്ങാടി സ്വദേശിയുമായ ഡോ.മുഹമ്മദ് ജാഫർ പാലോട്ടിനോടുള്ള ആദരസൂചകമായാണെന്ന് ഇവർ പറഞ്ഞു. 1987ൽ ലാഹിരി എന്ന ശാസ്ത്രജ്ഞൻ ലെസ്റ്റസ് ഗാരോയെൻസിസ് എന്ന ഇനത്തെ കണ്ടെത്തിയശേഷം ഇന്ത്യയിൽനിന്ന് ലെസ്റ്റസ് ഇനത്തിൽ വിവരിക്കപ്പെടുന്ന ആദ്യ പുതിയ ഇനമാണ് ലെസ്റ്റസ് പാലോട്ടിയെന്നും ഇവർ പറഞ്ഞു. ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് പശ്ചിമഘട്ടത്തിലെ ചേരാച്ചിറകൻ തുമ്പികളുടെ പട്ടികയിലേക്കു പുതിയ ഇനം കൂടി ചേർക്കപ്പെടുന്നത്. വേനൽക്കാലത്ത് തവിട്ടുനിറത്തിലേക്കും മഴക്കാലത്ത് നീലനിറത്തിലേക്കും മാറുന്ന ശ്രദ്ധേയമായ കാലാവസ്ഥാനുസൃത വർണവ്യത്യാസവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്.
