മലബാർ മിൽമയിലെ സാമ്പത്തിക ക്രമക്കേട്; ഉന്നതതല അന്വേഷണം പ്രഖ്യാപിക്കും
കോഴിക്കോട്: മലബാർ മിൽമയിലെ സാമ്പത്തിക ക്രമക്കേടിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കും. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയാൽ വിശദമായ അന്വേഷണം നടത്താനുള്ള 65 എൻക്വയറിയാണ് പ്രഖ്യാപിക്കുക. ക്ഷീര വികസന വകുപ്പിലെ 4 ഉന്നത ഉദ്യേഗസ്ഥർ അന്വേഷണ സംഘത്തിൽ ഉണ്ടാകും.
മിൽമയുടെ മലബാർ യൂണിയൻ പിരിച്ച് വിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സര്ക്കാര്. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്ഷീര വികസന വകുപ്പും സഹകരണ വകുപ്പും നടപടി സ്വീകരിക്കും. വ്യാപക ക്രമക്കേട് കണ്ടെത്തിയതിനാലാണ് മലബാർ യൂണിയൻ പിരിച്ചുവിട്ടതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അവകാശപ്പെട്ടു. സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു.
ഇന്നലെയാണ് മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തിയത്. മിൽമ മലബാർ യൂണിയനിൽ 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ല, കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത് വഴി 27 ലക്ഷരൂപയുടെ നഷ്ടം സംഭവിച്ചു, മലപ്പുറം ഡയറിയിൽ നിന്ന് 84 ലക്ഷം രൂപയുടെ നെയ്യ് മോഷണം പോയി തുടങ്ങി നിരവധി ക്രമക്കേടുകളാണ് ക്ഷീരവികസന ഡയറക്ടറുടെ പരിശോധനയിൽ കണ്ടെത്തിയത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് മിൽമ മലബാർ യൂണിയൻ പ്രവർത്തിച്ചിരുന്നത്. സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് മിൽമ ചെയർമാൻ കെ.എസ് മണിയുടെ വാദം.
