പണം മാത്രം മതി, രേഖകൾ വേണ്ട: പ്രധാന രേഖകൾ അടങ്ങിയ പഴ്‌സ് തപാൽ പെട്ടിയിൽ ഉപേക്ഷിച്ച് കള്ളൻ

Share our post

ചെറുപുഴ : ബസ് യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച് പണം കവർന്ന ശേഷം പ്രധാന രേഖകൾ അടങ്ങിയ പഴ്‌സ് തപാൽ പെട്ടിയിൽ ഉപേക്ഷിച്ച് കള്ളൻ കടന്നുകളഞ്ഞു. പതിവുപോലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ബസ് സ്റ്റാൻഡ് പരിസരത്തെ തപാൽ പെട്ടി തുറന്ന തപാൽ ജീവനക്കാരൻ പി.പി.മധുസൂദനനു കത്തുകൾക്ക് പുറമേ ഒരു പഴ്‌സ് കൂടി ലഭിച്ചു. മധുസൂദനൻ പഴ്‌സ് ചെറുപുഴ തപാൽ ഓഫിസിലെ പോസ്റ്റ് മാസ്റ്റർ എ.അബ്രഹാമിനു കൈമാറി. തുടർന്നു നടത്തിയ പരിശോധനയിൽ പഴ്‌സ് നീലേശ്വരം തൈക്കടപ്പുറം സ്വദേശി കെ.വി.രാജീവിന്റേതാണെന്നു തിരിച്ചറിഞ്ഞു. തുടർന്നു പോസ്റ്റ് മാസ്റ്റർ നീലേശ്വരം പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ടു ഉടമയായ രാജീവനെ വിവരം അറിയിച്ചു.

രാജീവൻ കഴിഞ്ഞ ദിവസം നീലേശ്വരത്ത് നിന്നു പയ്യന്നൂരിലേക്ക് ബസ് യാത്ര ചെയ്യുന്നതിനിടെയാണു പഴ്സ് മോഷണം പോയത്. തുടർന്നു രാജീവൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. ഇതിനിടയിലാണു വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ചെറുപുഴയിലെ തപാൽ പെട്ടിയിൽ നിന്നു മോഷണം പോയ പഴ്‌സ് തപാൽ ജീവനക്കാരനു ലഭിച്ചത്. രാവിലെ തപാൽ പെട്ടി തുറന്നപ്പോൾ പഴ്സ് ഉണ്ടായിരുന്നില്ലെന്നു ജീവനക്കാരൻ പറഞ്ഞു.

ഇതിനു ശേഷമാണു മോഷ്ടാവ് പഴ്സ് തപാൽ പെട്ടിയിൽ കൊണ്ടുവന്നു ഉപേക്ഷിച്ചതെന്നു കരുതുന്നു. പഴ്‌സിൽ 1500 രൂപയ്ക്ക് പുറമേ ആധാർ കാർഡ്, പാൻകാർഡ്, വിവിധ ബാങ്കുകളുടെ എടിഎം കാർഡുകളും മറ്റുമാണു ഉണ്ടായിരുന്നത്. പണം നഷ്ടപ്പെട്ടുവെങ്കിലും ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് രാജീവൻ. പഴ്സിൽ നിന്നു പണം എടുത്ത ശേഷം എവിടെയെങ്കിലും വലിച്ചെറിയാതെ മോഷ്ടാവ് പഴ്സ് തപാൽ പെട്ടിയിൽ കൊണ്ടുവന്നു ഉപേക്ഷിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!