കാസർകോട് എംഡിഎംഎ കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യാപേക്ഷ പിൻവലിച്ചു; നടപടിയിൽ ദുരൂഹത

Share our post

കാസർകോട്: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ടയ്ക്കിടയാക്കിയ എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ പെട്ടെന്ന് പിൻവലിച്ചതിൽ കടുത്ത ദുരൂഹത ഉയരുന്നു.കേസിന്റെ അന്വേഷണ റിപ്പോർട്ട് സെഷൻസ് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് പ്രതിഭാഗം തന്ത്രപരമായി ഹർജി പിൻവലിച്ചത്. ഈ മാസം അഞ്ചാം തീയതി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേസിൽ പ്രധാന പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ അപേക്ഷ തിരികെ വാങ്ങിയത്.

കഴിഞ്ഞ മാസം ഒൻപതിന് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ കാലിക്കടവിൽ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശികളായ നാലുപേരാണ് ആദ്യം പിടിയിലാകുന്നത്.

അറസ്റ്റിലായി ഒരു മാസത്തോളം ജാമ്യാപേക്ഷ നൽകാതിരുന്ന പ്രതികൾ ഈ മാസം അഞ്ചിനാണ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ പ്രതികളുടെ കേസ്സിലെ പങ്കും സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കുമായിരുന്നു.ഈ അന്വേഷണ റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്തുവരുന്നത് തടയാനാണ് പ്രതികൾ ജാമ്യാപേക്ഷ തന്ത്രപരമായി പിൻവലിച്ചതെന്ന ആരോപണവുമായി ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

ലഹരി കടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 17 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 19-ന് കാസർകോട്ടെ പ്രധാന മയക്കുമരുന്ന് മാഫിയാ തലവനായ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ പിടിയിലായിരുന്നു.തുടർന്ന് നടത്തിയ വിപുലമായ പരിശോധനയിൽ ബംഗാളിലെ ഹൗറയിൽ താമസിക്കുന്ന ലാംബ സ്വദേശിനി റിയാ ഖാൻ, ഇവരുടെ സഹായി ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാർ, കൊല്ലത്ത് വെച്ച് പിടിയിലായ ഘാന സ്വദേശി വിക്ടർ ദസാബ എന്നിവരുൾപ്പെടെ ഉത്തരേന്ത്യൻ ലഹരി ശൃംഖലയുമായി ബന്ധമുള്ള 8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.

ലഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം കൈമാറാൻ പ്രതികൾ എറണാകുളത്തെ പ്രമുഖ മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ചാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരി ശൃംഖലയുടെ കൂടുതൽ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!