19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും, പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ

Share our post

തിരുവനന്തപുരം : പോളിയോ നിർമ്മാജ്ജം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് നാളെ( 2026 ജൂൺ 28 ഞായറാഴ്ച) നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായി. അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ജൂൺ 28 ഞായറാഴ്ച രാവിലെ 8 ന് നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷ്‌ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക്‌ ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ക്രമീകരിക്കും.

സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നകുന്നതിനു 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻറ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ.

വാക്സിൻ, അവ സൂക്ഷിക്കാനുള്ള ഐഎൽആർ, ഡീപ് ഫ്രീസർ, കോൾഡ് ബോക്സ്, വാക്സിൻ കാരിയർ തുടങ്ങിയ ശീതീകരണ ഉപാധികളും തയ്യാറാക്കിയിട്ടുണ്ട്.

പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക്‌ ജൂൺ 29, 30 തിയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് വൊളൻറിയർമാർ. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, കുടുബശ്രീ മിഷൻ, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!