വാണിയപ്പാറത്തട്ടിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങൾ മാത്രം, പായയിൽ പൊതിഞ്ഞ ദുരൂഹത നീങ്ങി
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി. മാത്രമല്ല കല്ലറയിൽ കാണപ്പെട്ട പായ നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ പെട്ടിക്കുള്ളിൽ നിന്നും പുറത്തേക്ക് വന്നതാണെന്ന സ്ഥിരീകരണത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കാൻ 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുപുറത്ത് അസ്വാഭാവിക രീതിയിൽ പായ കണ്ടത്. സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചെങ്കിലും രണ്ട് മൃതദേഹങ്ങൾ മാത്രമായിരുന്നു കല്ലറയിൽ അടക്കം ചെയ്തിരുന്നത്. തുടർന്നാണ് ദുരൂഹത നീക്കുവാൻ പള്ളി അധികൃതർ തന്നെ അന്വേഷണം ആവശ്യപ്പെട്ടത്. ഇതോടെ ആർഡിഒയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ കല്ലറ തുറന്ന് പരിശോധിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ് അടക്കമുള്ളവരാണ് കല്ലറയിൽ ഇറങ്ങി പരിശോധന നടത്തിയത്.
ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാറില്ലാത്തതിനാലാണ് പള്ളി അധികൃതർ അപ്പോൾത്തന്നെ പോലീസിനെ വിവരം അറിയിച്ചത്.
38-ാം നമ്പർ കല്ലറയിൽ അടക്കംചെയ്തവരുടെ പട്ടിക പരിശോധിച്ചപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ നിലയിലുള്ള വസ്തുവിന്റെ സൂചനകൾ കണ്ടെത്താനായിരുന്നില്ല.
2006-ലും 2015 ലും ആണ് ഈ കല്ലറയിൽ മറ്റ് രണ്ട് സംസ്‌ക്കാരങ്ങൾ നടന്നത്. 2006 ൽ കല്ലറയിൽ സംസ്‌കരിച്ച ആളുടെ കുടുംബങ്ങൾ ഇടവകയിലെ താമസക്കാരായിരുന്നു. ഇവരുടെ പക്കൽ ഫോട്ടോയും ഉണ്ടായിരുന്നു.
2015-ൽ കല്ലറയിയിൽ അടക്കം ചെയ്തവരുടെ കുടുംബങ്ങൾ വാണിയപ്പാറത്തട്ട് ഇടവക വിട്ട് പേരാവൂർ ഈരായിക്കൊല്ലിയിലേക്ക് താമസം മാറിയിരുന്നു. ഈ കുടുംബത്തിലെ ജെയിംസ് എന്നയാളുടെ മൃതദേഹമാണ് ഈ കല്ലറയിൽ രണ്ടാമതായി സംസ്‌കരിച്ചത്. ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിലെത്തിച്ച്, പോലീസ് കല്ലറ ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
