കുട്ടനാടിനു ലോക പൈതൃക പദവി; യുനെസ്കോയ്ക്ക് ശുപാർശ നൽകാൻ കേന്ദ്രം

Share our post

ആലപ്പുഴ: കുട്ടനാടിന്റെ കാർഷിക-സാംസ്കാരിക പൈതൃകം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ശുപാർശ നൽകും. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിദഗ്ധ പഠന റിപ്പോർട്ട് പരിഗണിച്ചാണു നടപടി.

കുട്ടനാടിനെ യുനെസ്കോയുടെ കൾച്ചറൽ ലാൻ‍ഡ്സ്കേപ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ശുപാർശയാണ് കേന്ദ്രം നൽകുക. കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും വിശദമായ പരിശോധന നടത്തിയശേഷമാണ് നടപടിയുമായി മുന്നോട്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.

സമുദ്രനിരപ്പിനു താഴെയുള്ള ലോകത്തിലെ അപൂർവ കൃഷിസമ്പ്രദായം, തനതു ജലവിഭവ മാനേജ്മെന്റ് സംവിധാനം, ‌കാർഷികപൈതൃക മാതൃക, ജൈവവൈവിധ്യം, പരമ്പരാഗത കാർഷിക അറിവ് എന്നിവയാണ് കുട്ടനാടിന്റെ പ്രധാന സവിശേഷതകളായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ പ്രാഥമിക പട്ടികയിൽ ഇടംപിടിക്കുന്നതോടെ ലോകപൈതൃക പദവിയിലേക്കുള്ള ആദ്യ കടമ്പ കടക്കും. ഇതിനായി കേന്ദ്ര നിർദേശപ്രകാരം എം.പി. നിർദേശങ്ങൾ സമർപ്പിച്ചു. കുട്ടനാടിന് ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ഗ്ലോബലി ഇംപോർട്ടന്റ് അഗ്രികൾച്ചറൽ ഹെറിറ്റേജ് അംഗീകാരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൾച്ചറൽ ലാൻഡ്സ്കേപ് വിഭാഗത്തിൽ കുട്ടനാടിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.പി. കേന്ദ്രമന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് കേന്ദ്രം പഠനത്തിന് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!