മൂന്നാമത്തെ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേത്? കണ്ടെത്താൻ ശാസ്ത്രീയ പരിശോധന; കല്ലറതുറക്കാൻ പോലീസ്
കണ്ണൂർ: ഇരിട്ടി വാണിയപ്പാറയിലെ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ വസ്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഒരു കല്ലറയിൽ അടക്കംചെയ്ത രണ്ട് മൃതദേഹങ്ങൾ കൂടാതെ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത് മൂന്നാമതൊരു മൃതദേഹം ആണെന്ന സംശയമാണ് ബലപ്പെടുന്നത്.
സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആർ.ഡി.ഒയുടെ അനുമതി ലഭിച്ചാലുടൻ കല്ലറ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ശാസ്ത്രീയമായ ഡി.എൻ.എ പരിശോധനകൾ നടത്താനാണ് അധികൃതരുടെ തീരുമാനം.
നിലവിൽ കല്ലറയിൽ രണ്ട് മൃതദേഹങ്ങളാണ് ഔദ്യോഗികമായി അടക്കം ചെയ്തിട്ടുള്ളത്. ഇത് രണ്ടും സാധാരണ രീതിയിലാണ് അടക്കം ചെയ്തതെന്ന് പള്ളി അധികൃതർ അറിയിച്ചു. പള്ളിയിലെ രേഖകൾ പ്രകാരം രണ്ട് മൃതദേഹങ്ങൾ നേരത്തെ അടക്കിയ കാര്യത്തിൽ തർക്കമില്ലായിരുന്നു. എന്നാൽ, പായയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹമാണ് വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴിതെളിച്ചത്. ഈ മൃതദേഹം കോഴിക്കോട് വിലങ്ങാട് ആലപ്പാട്ട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന അവകാശവാദവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ 38-ാം നമ്പർ കല്ലറ, പഴയ 23-ാം നമ്പർ കല്ലറയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ കല്ലറയിൽ മറിയാമ്മ, ജെയിംസ് എന്നിവരെയാണ് അടക്കം ചെയ്തിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ പേരാവൂർ ഡി.വൈ.എസ്.പി, സ്പെഷ്യൽ ബ്രാഞ്ച് റൂറൽ ഡി.വൈ.എസ്.പി, കരിക്കോട്ട സർക്കിൾ ഇൻസ്പെക്ടർ, ഇരിട്ടി തഹസിൽദാർ, പള്ളി വികാരി, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പള്ളിയിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കല്ലറ തുറന്നു പരിശോധിക്കണമെന്ന പള്ളി അധികൃതരുടെ ആവശ്യം പോലീസ് അംഗീകരിച്ചിട്ടുണ്ട്.
നിലവിൽ പോലീസിന്റെ നടപടിക്രമങ്ങളിൽ ഇടവകയും പള്ളി അധികൃതരും തൃപ്തി രേഖപ്പെടുത്തി. ആർ.ഡി.ഒയുടെ ഉത്തരവ് ലഭിക്കുന്നതുവരെ സെമിത്തേരിക്ക് പോലീസിന്റെ കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
