മത്സ്യസംസ്കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; തമിഴ്നാട്ടിൽ ഏഴ് പേർക്ക് ദാരുണാന്ത്യം, 46 പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ മത്സ്യസംസ്കരണ കേന്ദ്രത്തിൽനിന്ന് അമോണിയ ഗ്യാസ് ചോർന്ന് ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 46 പേർ ചികിത്സയിലുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരിൽ ഏഴ് പേർ അതീവഗുരുതരവസ്ഥയിൽ വെന്റിലേറ്ററിലാണുള്ളത്.
സെന്റ് പീറ്റേർസ് ആന്റ് പോൾ സീഫുഡ് എക്സ്പോർട്ട് കേന്ദ്രത്തിലാണ് അപകടമുണ്ടായത്. പെരിയപാളയത്തിന് സമീപം കന്നിഗൈപെയറിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപെട്ടത് എന്നാണ് റിപ്പോർട്ടുകൾ.
ഗ്യാസ് ചോർച്ചയെ തുടർന്ന് തൊഴിലാളികൾക്ക് ഗുരുതരമായ ശ്വാസം മുട്ടലും തലകറക്കവും ഛർദ്ദിയും ഉണ്ടായതാണ് പറയുന്നത്. മെഷർ വാൾവിലെ തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായാണ് വിവരം. ദേശീയദുരന്ത നിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
സംഭവത്തിൽ അന്വേഷണം നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിർദേശിച്ചു. അതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും മൂന്ന് ദിവസത്തിനുള്ളിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കാനുമാണ് ഉത്തരവ്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
