മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം,സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്ക് പോകുന്നു-പിണറായി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതിനു പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താൽപ്പര്യം കൂടി ഉണ്ടെന്ന വ്യാപകമായ വിമർശനമാണ് ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

‘ഇന്നലെ യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഒരു വൻ പ്രഖ്യാപനമായിരുന്നു മദ്യത്തിന്മേലുള്ള നികുതിയിളവ്. സ്പിരിറ്റിൽ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാൽ, വീര്യം കുറഞ്ഞത് എന്ന പേരിൽ, 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് പകുതിയിലധികം ഇളവ് നൽകി 120 ശതമാനമായി നികുതി കുറയ്ക്കാനുള്ള നിർദ്ദേശം ധനകാര്യമന്ത്രി മുന്നോട്ടുവയ്ക്കുകയാണ്.’ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് കാലാകാലങ്ങളിൽ മദ്യത്തിന് ഉയർന്ന നികുതി ഏർപ്പെടുത്തിവരുന്നത്. എന്നാൽ, മദ്യത്തിന്റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്. വില കുറഞ്ഞ മദ്യം മാർക്കറ്റിൽ സുലഭമായി ലഭ്യമാകുമ്പോൾ മദ്യത്തിന്റെ ഉപയോഗം കുത്തനെ വർദ്ധിക്കും.’

‘വീര്യം കുറഞ്ഞതാണ് നൽകുന്നത് എന്ന ന്യായമുയർത്തിയാലും മദ്യത്തിന്റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വർദ്ധിക്കുന്നത്. വീര്യം കുറഞ്ഞതിൽ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴിയായിരിക്കും ഇത് തുറന്നിടുക. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം.’ നമ്മുടെ സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണ് പോകുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

‘ജനങ്ങളുടെ വിവിധങ്ങളായ ജീവൽപ്രശ്‌നങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികളോ, നികുതിയിളവുകളോ കൈക്കൊള്ളാത്തവർ മദ്യത്തിന് മാത്രം നികുതിയിളവ് നൽകിയത് എന്തിനാണ്? മദ്യത്തിന്റെ വില കുറയ്ക്കലാണോ ഈ സർക്കാരിന്റെ മുൻഗണന? അത് സമൂഹത്തിന് ഭവിഷ്യത്തല്ലാതെ എന്ത് മെച്ചമാണ് ഉണ്ടാക്കുക?’ അദ്ദേഹം ചോദിച്ചു. 

‘മുൻ വർഷങ്ങളിൽ അബ്കാരി നയത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മത-സാമുദായിക സംഘടനകളും മുസ്ലിം ലീഗും എല്ലാം മദ്യ ഉപയോഗം വർദ്ധിക്കുമെന്ന ആശങ്ക പലപ്പോഴായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മദ്യവിരുദ്ധ സംഘടനകളും ഈ വിഷയം ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ നികുതി പകുതിയോളം കുറച്ചു. മദ്യ ഉപയോഗം വ്യാപകമാക്കുന്ന ഈ നിർദ്ദേശങ്ങൾക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.’ നമ്മുടെ ഭാവി തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാൽ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം എന്ന ആശയം കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരാണെന്ന് എക്‌സൈസ് മന്ത്രി എം. ലിജു പ്രതികരിച്ചു. ‘2023-ലെ അബ്കാരി നിയമഭേദഗതിയിലൂടെ 5 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തെ ‘വീര്യം കുറഞ്ഞ മദ്യം’ എന്ന് ക്ലാസിഫൈ ചെയ്യുകയും, പിന്നീട് 2025-ൽ പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം (ഹോർട്ടി വൈൻസ് – 20 മുതൽ 30 ശതമാനം വരെ വീര്യം) ഉത്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്ക് അനുമതി നൽകുകയും ചെയ്തത് എൽഡിഎഫ് സർക്കാരാണ്.’ എന്ന് അദ്ദേഹം വ്യക്തമാക്കി.

‘വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ നിലവിലെ സർക്കാർ നയപരമായ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. നിലവിൽ സെയിൽസ് ടാക്‌സുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തീരുമാനം മാത്രമാണ് ധനകാര്യ വകുപ്പ് എടുത്തിട്ടുള്ളത്. നിയമസഭാ സമ്മേളനത്തിന് ശേഷം മദ്യവിരുദ്ധ സമിതികളും വിവിധ സംഘടനകളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ പുതിയ അബ്കാരി നയം പ്രഖ്യാപിക്കുകയുള്ളൂ.’ എന്നും മന്ത്രി അറിയിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!