‘പ്രിയദർശിനി’ക്ക് ജീവനക്കാരുടെ പാര?; മാവേലിക്കര ഡിപ്പോയിൽ പകുതിയോളം സർവീസുകൾ മുടങ്ങി
മാവേലിക്കര: പ്രിയദർശിനി സൗജന്യയാത്രയ്ക്കായി മാവേലിക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നുള്ള ബസ് കാത്തുനിന്ന സ്ത്രീകളിൽ പകുതിയോളം പേർ ചൊവ്വാഴ്ച നിരാശരായി. ഏറെ കാത്തുനിന്നശേഷം സ്വകാര്യബസുകളിൽ യാത്രചെയ്യേണ്ടിവന്നു. അവർക്കു സൗജന്യയാത്ര സാധ്യമാകുന്ന 17 ഓർഡിനറി ബസുകളാണ് മാവേലിക്കര ഡിപ്പോയിലുള്ളത്. അവയിൽ എട്ടും ചൊവ്വാഴ്ച ഓടിയില്ല. താത്കാലിക ഡ്രൈവർമാർ എത്താത്തതാണു കാരണം. പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ഡ്രൈവർമാർ സൗജന്യയാത്രയ്ക്ക് പാരവെച്ചതാണെന്ന് ആരോപണമുണ്ട്.
തിരുവല്ല-കായംകുളം, പത്തനംതിട്ട-ആലപ്പുഴ ചെയിൻ സർവീസുകൾക്കുപയോഗിക്കുന്ന നാലുവീതം ബസുകളുടെ ഷെഡ്യൂളുകളാണ് ചൊവ്വാഴ്ച നടക്കാതിരുന്നത്. അൻപതോളം ട്രിപ്പുകളാണ് ചൊവ്വാഴ്ച മുടങ്ങിയത്.
സൗജന്യയാത്രയുടെ ആദ്യദിനമായ തിങ്കളാഴ്ച ഡിപ്പോയിൽനിന്ന് ഓർഡിനറി ബസുകളിൽ യാത്രചെയ്ത സ്ത്രീകളുടെ എണ്ണം റെക്കോഡായിരുന്നു. അയ്യായിരത്തിലധികം സ്ത്രീകളാണ് ആലപ്പുഴ, പത്തനംതിട്ട, കായംകുളം, തിരുവല്ല ഭാഗങ്ങളിലേക്കുള്ള ബസുകളിൽ സഞ്ചരിച്ചത്. അരമണിക്കൂർ ഇടവേളയിലാണ് ഈ റൂട്ടുകളിൽ ചെയിൻ സർവീസുള്ളത്. ചൊവ്വാഴ്ച എട്ടു ബസുകൾ ഓടാതിരുന്നതിനാൽ ഒരു മണിക്കൂറിലധികം കാത്തുനിന്നിട്ടും ബസ് എത്തിയില്ലെന്ന് സ്ത്രീകൾ പറഞ്ഞു.
ഡിപ്പോയിൽ 65 ഡ്രൈവർമാർ വേണ്ടതിൽ 30 പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. 35 പേർ താത്കാലികക്കാരാണ്. മാസങ്ങളായി ഇവർക്കു ശമ്പളം കൃത്യമായി ലഭിച്ചിരുന്നില്ലെന്നും നിലവിൽ രണ്ടുമാസത്തെ കുടിശ്ശികയുണ്ടെന്നും പറയുന്നു. കഴിഞ്ഞദിവസം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി 12 താത്കാലിക ഡ്രൈവർമാരെ ഡിപ്പോയിലേക്കയച്ചിട്ടുണ്ട്. ഇവരെയുപയോഗിച്ച് അടുത്ത ദിവസംമുതൽ മുടങ്ങാതെ സർവീസ് നടത്താനാകുമെന്നാണു പ്രതീക്ഷ.
ആദ്യദിനം യാത്രചെയ്തത് 68,570 സ്ത്രീകൾ
സ്ത്രീകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ കെ.എസ്.ആർ.ടി.സി. സൗജന്യ യാത്രാപരിപാടിയിൽ ജില്ലയിൽ ആദ്യദിനം യാത്രചെയ്തത് 68,570 വനിതകൾ. 11.67 ലക്ഷം രൂപയുടെ മൂല്യമുള്ള സീറോ ടിക്കറ്റുകളാണ് ആദ്യദിനം നൽകിയത്. ഏഴു ഡിപ്പോകളിലായി 176 ഓർഡിനറി സർവീസുകളാണുണ്ടായിരുന്നത്. സ്വകാര്യ ബസ് സർവീസുകളില്ലാത്ത മേഖലകളിലേക്കായിരുന്നു വനിതകൾ കൂടുതലായും ഉണ്ടായിരുന്നത്.
‘പ്രിയദർശിനി’യാത്രയുടെ ഉദ്ഘാടനദിനമായതിനാൽ പലരും പദ്ധതിയെക്കുറിച്ച് അറിയുന്നതിനായി യാത്രചെയ്തിരുന്നു. ഇനിയുള്ള ദിവസങ്ങളിലാകും യഥാർഥ ഗുണഭോക്താക്കളെ തിരിച്ചറിയാനാകുക.
ആലപ്പുഴ ഡിപ്പോയിൽനിന്നു വൈക്കം, കുട്ടനാട് മേഖലകളിലേക്കാണ് കൂടുതൽ വനിതകളും സഞ്ചരിച്ചത്. ചെങ്ങന്നൂരിൽ കൊല്ലത്തേക്കുള്ള സർവീസിലായിരുന്നു വനിതകളേറെയും. പദ്ധതി തുടങ്ങിയതോടെ ഓർഡിനറി സർവീസിൽ യാത്രക്കാർ കൂടിയിട്ടുണ്ട്.
