സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഈ വർഷം 146 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച് അഞ്ചുപേർ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം സംഭവിച്ചതെന്നും കോഴിക്കോട്ട്‌ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയാണ് ഇതുവരെ ഷിഗല്ല റിപ്പോർട്ട് ചെയ്യാത്ത ജില്ല.

കോഴിക്കോട്ട്‌ നിപ സ്ഥിരീകരിച്ചതിനു പിന്നാലെ 38 ടെസ്റ്റുകൾ നടത്തിയതിൽ 37 കേസുകളും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതാണ് പകർച്ചവ്യാധികൾ കൂടാൻ കാരണമായത്. തിരഞ്ഞെടുപ്പ് കാരണം പലയിടത്തും ശുചീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഇത് ആരുടേയും കുറ്റമല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കഴി‍ഞ്ഞതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് വന്നുവെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനകൾ വിപുലമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്ത് ചെയ്താലും വിമർശനങ്ങൾ ഉണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള വിവിധ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡബ്ല്യു.എച്ച്.ഒ. കൺസൾട്ടൻ്റായ ഡോ. എസ്.എസ്. ലാൽ ഹെെ പവർ കമ്മിറ്റിയുടെ ചെയർമാനാകും. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോർഡിനേറ്ററാകും. പകർച്ചപ്പനികൾ നിയന്ത്രിക്കാൻ കലണ്ടർ തയാറാക്കും. ഓരോ സീസണിലും വരാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുമെന്നും ജില്ലാതലത്തിലും ആക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!