ലോകകപ്പ് ഓൺ എയർ…; വിമാനങ്ങളിൽ തത്സമയ സംപ്രേക്ഷണവുമായി സൗദിയ
റിയാദ്: ലോകകപ്പ് ഫുട്ബോൾ ആവേശം വാനോളമുയർത്തി യാത്രക്കാർക്ക് തത്സമയ സംപ്രേക്ഷണവുമായി സൗദിയ. ആകാശത്തിരുന്ന് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനായി ആഗോള സ്പോർട്സ് ഏജൻസിയായ ഐ.എം.ജിയുമായി സൗദി എയർലൈൻസ് കരാറിലേർപ്പെട്ടു. കായിക മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പ്രമുഖ പ്ലാറ്റ്‌ഫോമായ ‘സ്പോർട് 24’ വഴിയാണ് ഈ സേവനം ലഭ്യമാക്കുക. ഇതോടെ സൗദി അറേബ്യയിൽ ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യ വിമാനക്കമ്പനിയായി ‘സൗദിയ’ മാറി.
ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ജൂൺ 11 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ തെരഞ്ഞെടുത്ത വിമാനങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. അതിവേഗ ഇന്റർനെറ്റ് സൗകര്യമുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾ വഴി മത്സരങ്ങൾ തത്സമയം കാണാനും ലോകകപ്പിലെ സുപ്രധാന നിമിഷങ്ങൾ ആസ്വദിക്കാനും സാധിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ നിക്ഷേപം യാത്രക്കാരുടെ അനുഭവങ്ങളെ കൂടുതൽ മനോഹരമാക്കുമെന്ന് സൗദിയയുടെ ഹെഡ് ഓഫ് ഗസ്റ്റ് എക്സ്പീരിയൻസ് റോസൻ ദിമിത്രോവ് വ്യക്തമാക്കി. അത്യാധുനിക കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയും മികച്ച വിനോദ ഉപാധികളും ഒന്നിപ്പിക്കുന്ന സൗദിയയുടെ വിഷന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിന് പുറമെ കായിക പ്രേമികളായ യാത്രക്കാർക്കായി മറ്റ് പ്രമുഖ ആഗോള ടൂർണമെന്റുകളും ആകാശത്തിരുന്ന് കാണാൻ ഈ കരാറിലൂടെ സൗകര്യമൊരുങ്ങുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL), വിംബിൾഡൺ ടെന്നീസ്, ഫോർമുല 1 റേസിങ്, എ.ടി.പി ടൂർ ചാമ്പ്യൻഷിപ്പുകൾ എന്നിവയാണ് ഇതോടെ കാണാനാവുക. നിലവിൽ സൗദി എയർലൈൻസ് ഫ്ലീറ്റിലെ മുപ്പതിലധികം വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വരും ദിവസങ്ങളിൽ നിലവിലുള്ളതും പുതുതായി എത്തുന്നതുമായ കൂടുതൽ വിമാനങ്ങളിലേക്ക് ഈ വൈഫൈ സൗകര്യം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
