ഇന്‍സ്റ്റഗ്രാമിലെ ഈ മാറ്റം ശ്രദ്ധിച്ചോ? പത്ത് വര്‍ഷത്തിനിടെ ആദ്യം

Share our post

വാഷിങ്ടണ്‍: സോഷ്യൽ മീഡിയ ഭീമനായ മെറ്റ, ജനപ്രിയ ആപ്പായ ഇൻസ്റ്റഗ്രാമിന്റെ ടെക്സ്റ്റ് ലോഗോയിൽ (വേഡ്മാർക്ക്) മാറ്റം വരുത്തി. പുതിയ ലോഗോ കൂടുതൽ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയും ത്രെഡ്സിലൂടെയുമാണ് അദ്ദേഹം പുതിയ വേഡ്മാർക്ക് അവതരിപ്പിച്ചത്.

ഇൻസ്റ്റഗ്രാമിന്റെ പരമ്പരാഗത സ്ക്രിപ്റ്റ് സ്റ്റൈൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് അക്ഷരങ്ങളുടെ ഫോണ്ടുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്‍സ്റ്റഗ്രാം, ലോഗോയില്‍ കൈവെക്കുന്നത്.

ഇൻസ്റ്റാഗ്രാം അവസാനമായി തങ്ങളുടെ പ്രധാന ഡിസൈൻ മാറ്റം വരുത്തിയത് 2016ലായിരുന്നു. അന്ന് പഴയ ബ്രൗൺ ക്യാമറ ലോഗോയ്ക്ക് പകരം നിലവിലെ മൾട്ടി കളർ ഗ്രാഡിയന്റ് ഐക്കൺ അവതരിപ്പിച്ചു. എന്നാൽ ഇത്തവണ ആപ്പ് ഐക്കണിൽ മാറ്റങ്ങളൊന്നുമില്ല, ആപ്പിന് മുകളിൽ കാണുന്ന പേരിന്റെ ശൈലി മാത്രമാണ് പരിഷ്കരിച്ചിരിക്കുന്നത്.

“ആപ്പിന്റെ മുകൾഭാഗത്തുള്ള വേഡ്മാർക്ക് ലോഗോ മാറിയിട്ട് 10 വർഷത്തോളമായി. അതിനാൽ ഒരു പുതിയ മാറ്റത്തിനുള്ള സമയമായിരിക്കുന്നു. പഴമയോടും ലാളിത്യത്തോടും ചേർന്നുനിൽക്കുന്ന കൂടുതൽ മോഡേൺ ആയ ലോഗോയാണിത്”-മൊസേരി വ്യക്തമാക്കി. മറ്റ് ഡിസൈൻ മാറ്റങ്ങളോ പുതിയ ആപ്പ് ഐക്കണോ ഉടന്‍ വരുമോ എന്ന കാര്യത്തിൽ മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം പുതിയ ലോഗോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ പുതിയ ഡിസൈനെ സ്വാഗതം ചെയ്തപ്പോൾ, ഭൂരിഭാഗം പേരും ഇതിൽ നിരാശ പ്രകടിപ്പിക്കുകയാണ്. പുതിയ ലോഗോയിലെ ‘r’ എന്ന അക്ഷരത്തിന്റെ പ്രത്യേക ഫോണ്ട് സ്റ്റൈൽ കാരണം “Instagram” എന്ന് വായിക്കുന്നതിന് പകരം “Instagzam” എന്നാണ് തോന്നുന്നതെന്ന് നിരവധി ഉപയോക്താക്കൾ തമാശരൂപേണ ചൂണ്ടിക്കാണിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!