ജാമ്യത്തിലിറങ്ങി ക്രിമിനൽ പ്രവർത്തനങ്ങൾ തുടർന്നു; കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷ് വീണ്ടും പൊലീസ് പിടിയിൽ

Share our post

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് എന്ന ‘അട്ടാണി അനീഷ്’ വീണ്ടും പൊലീസ് പിടിയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമാണ് കേസ്. ദൃശ്യങ്ങള്‍ കണ്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഒളിവില്‍ പോയ അനീഷ് ഇന്നലെ മട്ടാഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തിയെന്ന രഹസ്യം പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെ വീട് വളഞ്ഞ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. നിരവധി പേരെ അനീഷ് ഭീഷണിപ്പെടുത്താറുണ്ടെന്നും പേടിച്ചിട്ട് ആരും പരാതി നല്‍കാറില്ലെന്നും പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അനീഷിനെ പൂട്ടിയത്.

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പ്രേമാനന്ദ കൃഷ്ണന്‍, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജിജോ എം ജെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഹരികൃഷ്ണന്‍, രാംലാല്‍, ഇ എം ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത് ബാബു, അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബേബി ലാല്‍, ഉമേഷ്, അജിത്ത്, അരുണ്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായത്.

എറണാകുളം എം ജി റോഡിലെ ചായക്കടയില്‍ വെച്ച് ഒരു യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അനീഷിനെ കഴിഞ്ഞ മാസം തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് മല്‍പ്പിടിത്തത്തിലൂടെ സെന്‍ട്രല്‍ പൊലീസ് തന്നെ പിടികൂടിയിരുന്നു. പിന്നാലെ റിമാന്‍ഡിലായ ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും വീണ്ടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയുമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!