പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളി,കത്തിച്ചു 35,000 രൂപ പിഴയിട്ടു

Share our post

പാപ്പിനിശ്ശേരി : തുരുത്തിയിലെ കണ്ടൽക്കാടുകളിൽ വ്യാപകമായി മാലിന്യം തള്ളുന്നതായും കത്തിക്കുന്നതായുമുള്ള പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനനടത്തി. തുരുത്തിയിൽ വളപട്ടണംപുഴയ്ക്കുസമീപം വലിയതോതിൽ മാലിന്യം തള്ളി കത്തിക്കുന്ന സംഭവങ്ങൾ ‘മാതൃഭൂമി’ ഏപ്രിൽ 28-ന് വാർത്ത നൽകിയിരുന്നു.

ശനിയാഴ്ച സ്ഥലം സന്ദർശിച്ച ജില്ലാ എൻഫോഴ്‌സ്‌മെൻറ് സ്ക്വാഡ്‌ മാലിന്യം കണ്ടലുകൾക്കിടയിൽ കത്തിക്കുന്നത് നേരിട്ടുകണ്ട് ബോധ്യപ്പെട്ടു. തുടർന്ന് പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ താണ ധനലക്ഷ്മി ആസ്പത്രിക്ക് സമീപത്തെ മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽനിന്നുള്ള മാലിന്യമാണ്‌ കത്തിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. ഹൈപ്പർ മാർക്കറ്റ് അധികൃതരെയും അവിടെനിന്ന്‌ 4000 രൂപയുടെ കരാറിൽ മാലിന്യം എടുത്ത് പ്രദേശത്ത് തള്ളുകയും കത്തിക്കുകയുംചെയ്ത പാപ്പിനിശ്ശേരി സ്വദേശി പി. നൗഫൽ എന്നവരുടെ തൊഴിലാളികളെയും സ്‌ക്വാഡ് സ്ഥലത്ത് വിളിച്ചുവരുത്തി തീ അണപ്പിക്കുകയും മാലിന്യങ്ങൾ തിരികെ എടുപ്പിക്കുന്നതിനുള്ള നടപടിയെടുക്കുകയുംചെയ്തു.

തുരുത്തിയിൽ മറ്റു പല ഇടങ്ങളിലും മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽനിന്നുള്ള മാലിന്യം തള്ളിയിരിക്കുന്നതായും കത്തിച്ചിരിക്കുന്നതായും തുടർപരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി. കല്യാണവീടുകളിൽനിന്ന് പണം വാങ്ങി നൗഫൽ മാലിന്യം എടുത്ത് തുരുത്തിയിൽ തള്ളി വരുന്നതായും സ്‌ക്വാഡിന് ബോധ്യപ്പെട്ടു. മാലിന്യം ഹരിതകർമസേനയ്ക്കോ സർക്കാർ അംഗീകൃത ഏജൻസിക്കോ കൈമാറാത്തതിന് മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽനിന്ന് 20,000 രൂപയും മാലിന്യം തള്ളുകയും കത്തിക്കുകയുംചെയ്തതിന്‌ നൗഫലിൽനിന്ന് 10,000 രൂപയും പിഴ ഈടാക്കി.

വലിയതോതിൽ പ്ലാസ്റ്റിക് മാലിന്യവും കാലാവധികഴിഞ്ഞ ഭക്ഷണസാധങ്ങളും പ്ലാസ്റ്റിക് ചാക്കുകളും പഴം പച്ചക്കറി മാലിന്യവുമാണ്‌ ഈ പ്രദേശത്ത് കത്തിക്കുന്നനിലയിൽ കണ്ടെത്തിയത്. തുരുത്തിയിൽ എ. പദ്മിനി എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടതിനും സ്ഥലം സംരക്ഷിക്കാത്തതിനും 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി. വരുംദിവസങ്ങളിലും തുരുത്തിയിൽ പരിശോധന നടത്തുമെന്നും മാലിന്യം തള്ളുന്നവർക്ക് എതിരേ നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്‌, സ്‌ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!