ഉയരക്കൂടുതൽ വിനയായി; ബോട്ട് മാട്ടൂലിൽ എത്തുന്നില്ല

Share our post

വളപട്ടണം : പറശ്ശിനിക്കടവ് മുതൽ മാട്ടൂൽ വരെ സർവീസ് നടത്തേണ്ട സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ‘കറ്റാമറൈൻ’ എന്ന യാത്രാബോട്ട് പറശ്ശിനിക്കടവുനിന്ന് വളപട്ടണം കടവ് വരെ വന്ന് യാത്ര അവസാനിപ്പിക്കുന്നു. പാലത്തിന്റെ അടിത്തട്ട് ബോട്ടിന്റെ മേൽഭാഗത്ത് മുട്ടുന്നതാണ് യാത്രയ്ക്ക് തടസ്സമായത്.

ഉയരം കുറഞ്ഞ ചെറിയ ബോട്ടുകളേ ഇവിടെ പറ്റൂ. ഉയരം കുറഞ്ഞ ബോട്ട് ഈ റൂട്ടിൽ മുമ്പ് സർവീസ് നടത്തിയിരുന്നു. സ്ഥലം എം.എൽ.എ. കെ.വി.സുമേഷ് നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചതിനുശേഷമാണ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറശ്ശിനിക്കടവ്-മാട്ടൂൽ, അഴീക്കൽ-മാട്ടൂൽ റൂട്ടുകളിൽ രണ്ട് ബോട്ടുകൾ ഏതാനും മാസങ്ങൾക്ക് മുൻപ് അനുവദിച്ചത്. നാട്ടുകാർ ആവേശപൂർവം ബോട്ടിനെ സ്വീകരിച്ചെങ്കിലും തുടക്കത്തിൽതന്നെ കല്ലുകടിയായി.

വളപട്ടണം റെയിൽപ്പാലത്തിൽ ബോട്ടിന്റെ മുകൾതട്ട് മുട്ടുന്നത് യാത്ര പ്രയാസകരമാക്കി. ഒടുവിൽ രണ്ട് ദിവസം യാത്ര നിർത്തിവെച്ചു. പിന്നെ മന്ത്രിയുടെതന്നെ ഉത്തരവനുസരിച്ച് പറശ്ശിനിക്കടവിൽനിന്നുള്ള യാത്ര വളപട്ടണം കടവിൽ അവസാനിപ്പിക്കുകയായിരുന്നു. പറശ്ശിനിക്കടവിൽനിന്ന് വളപട്ടണത്തേക്ക് 40 രൂപയാണ് യാത്രാ നിരക്ക്. രാവിലെ 9.30-നും ഉച്ചയ്ക്ക് രണ്ടിനും പറശ്ശിനിക്കടവിൽനിന്നും രാവിലെ 10.30-നും, ഉച്ചയ്ക്ക് മൂന്നിനും വളപട്ടണത്തുനിന്നും ബോട്ട് ഓടുന്നുണ്ട്. 100 പേർക്ക് യാത്രചെയ്യാം. എന്നാൽ, പലപ്പോഴും 25-ൽ താഴെ യാത്രക്കാർ മാത്രമേ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാകുകയള്ളൂ. ബോട്ടിൽ യാത്രക്കാർക്ക് പാട്ട് പാടാൻ സൗകര്യമുണ്ട്. ഉല്ലാസയാത്ര കൂടി പരിഗണിച്ചാണ് സൗണ്ട് അടക്കമുള്ള സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. വളപട്ടണത്തുനിന്ന് പറശ്ശിനിക്കടവിലേക്ക് സ്വകാര്യ, കെ.എസ്.ആർ.ടി.സി. അടക്കമുള്ള ബസുകൾക്ക് 18 രൂപയാണ് യാത്രാ ചാർജ്. ബോട്ടിന് വളപട്ടണം-പറശ്ശിനിക്കടവ് റൂട്ടിൽ 40 രൂപ നൽകണം. 45 മിനുട്ടുകൊണ്ട് ബോട്ട് ഓടിയെത്തും. ബസിന് വളപട്ടണം റോഡ് പാലത്തിനടുത്തുനിന്ന് 30 മിനുട്ട് മതി പറശ്ശിനിയിൽ എത്താൻ.

ബോട്ടുകൾ കൃത്യമായി ഓടിക്കും

പുതുതായി വന്ന കറ്റാമറൈൻ ബോട്ടുകൾ കൃത്യമായി ഓടിക്കാനാണ് നിർദേശമെന്ന് അധികൃതർ പറഞ്ഞു. ലാഭനഷ്ടങ്ങളോ യാത്രക്കാർ കുറവാണെന്നതോ നോക്കുന്നില്ല. കുറച്ച് ദിവസം മുമ്പ് അഴീക്കൽ-മാട്ടൂൽ റൂട്ടിൽ സർവീസ് നിലച്ചിരുന്നു. അത് തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചു. ആദ്യകാലം മുതലേ സ്വകാര്യ ബോട്ടുകൾ അഴീക്കൽ-മാട്ടൂൽ, വളപട്ടണം-പറശ്ശിനിക്കടവ് റൂട്ടുകളിൽ ഓടിയിരുന്നു. ബസ് സർവീസായതോടെ ബോട്ടുകൾ നിലച്ചു. പിൽക്കാലത്ത് ജലഗതാഗതം പോഷിപ്പിക്കുക എന്ന ലക്ഷ്യംവെച്ചാണ് ആധുനികരീതിയിലുള്ള ബോട്ടുകൾ ഓടിത്തുടങ്ങിയത്. പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സിൽക്കിൽ നിർമിച്ച രണ്ട് സ്റ്റീൽ യാത്രാബോട്ടുകളും ഇടക്കാലത്ത് മാട്ടൂൽ-അഴീക്കൽ, പറശ്ശിനിക്കടവ്-വളപട്ടണം റൂട്ടകളിൽ ഓടിയിരുന്നു. അതിന് ഇടയ്ക്കിടെ തകരാർ സംഭവിച്ച് കട്ടപ്പറത്തായി. യാത്രക്കാരുടെ പരാതികൾ രൂക്ഷമായതിനെ തുടർന്നാണ് അഴീക്കോട് എം.എൽ.എ. സുമേഷ് ഇടപെട്ട് രണ്ട് പുതിയ ബോട്ടുകൾ എത്തിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!