നടന്ന് തടി കുറക്കാം; ഒരു ആഴ്ചയിൽ ഒരു കിലോ ഭാരം കുറക്കാൻ എത്ര സ്റ്റെപ്പുകൾ നടക്കണം?

Share our post

ഏത് പ്രായത്തിലുള്ളവർക്കും ഒറ്റക്ക് ആരംഭിക്കാൻ കഴിയുന്ന വ്യായാമമാണ് നടത്തം. ഒരു ട്രെയിനറുടെ നിർദേശമോ പ്രത്യേക ഉപകരണങ്ങളോ ആവശ്യമില്ലാതെ തന്നെ ചെയ്യാൻ കഴിയുന്ന വ്യായാമമാണ് നടത്തം. സന്ധികൾക്ക് ആഘാതമുണ്ടാക്കാത്ത വ്യായാമമായതിനാൽ ദീർഘകാലം തുടരാനും സാധിക്കും. മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കത്തിച്ച് കളയാനും പേശികളുടെ സ്ട്രെങ്ത് വർധിപ്പിക്കാനും നടത്തം ഏറെ സഹായകരമാണ്.

ഒരാളുടെ ഭാരവും നടക്കുന്ന വേഗതയും അനുസരിച്ച് ഒരു മണിക്കൂർ നടക്കുമ്പോൾ ഏകദേശം 200 മുതൽ 400 വരെ കലോറി എരിച്ചുകളയാൻ സാധിക്കും. എന്നാൽ 1 കിലോ ഭാരം കുറയ്ക്കാൻ ദിവസവും എത്ര സ്റ്റെപ്പുകൾ നടക്കണമെന്ന് അറിയാമോ? ശരീരഭാരം 1 കിലോ കുറയ്ക്കാൻ ഏകദേശം 7,700 കലോറിയുടെ കുറവ് (Caloric Deficit) ആവശ്യമാണ്. അതായത്, ഒരു ആഴ്ചയിൽ 1 കിലോ ഭാരം കുറയ്ക്കണമെങ്കിൽ പ്രതിദിനം 1,100 കലോറിയുടെ കുറവ് വരുത്തണം. നടത്തത്തിലൂടെ ഈ കലോറി കുറവ് ഉണ്ടാക്കാൻ സാധിക്കുമെങ്കിലും 7 ദിവസം കൊണ്ട് നടത്തം കൊണ്ട് മാത്രം 1 കിലോ കൊഴുപ്പ് കുറയ്ക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഒരു ശരാശരി വ്യക്തി 1,000 സ്റ്റെപ്പുകൾ നടക്കുമ്പോൾ ഏകദേശം 40 മുതൽ 50 വരെ കലോറിയാണ് ബേൺ ചെയ്യുന്നത്. അതുകൊണ്ട്, നടത്തം കൊണ്ട് മാത്രം ഒരു ആഴ്ചയിൽ 1 കിലോ ഭാരം കുറയ്ക്കണമെങ്കിൽ ദിവസവും 22,000 മുതൽ 27,500 വരെ സ്റ്റെപ്പുകൾ നടക്കേണ്ടി വരും.അതായത്, ഒരു ആഴ്ചയിൽ ആകെ 1,54,000 മുതൽ 1,92,500 വരെ സ്റ്റെപ്പുകൾ പൂർത്തിയാക്കണം.

ദിവസവും 22,000 മുതൽ 27,000-ലധികം സ്റ്റെപ്പുകൾ നടക്കുന്നത് സന്ധികളിൽ അമിത സമ്മർദ്ദമുണ്ടാക്കാനും പേശിവേദനയ്ക്ക് കാരണമാകാനും ഇടയുണ്ട്. ഇത് പലപ്പോഴും നടത്തും മുടക്കും. നടത്തിനൊപ്പം ഭക്ഷണത്തിൽ നിന്ന് എടുക്കുന്ന കലോറി കൂടി കുറച്ച് തടി കുറച്ചെടുക്കാം. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് 500 കലോറിയുടെ കുറവ് വരുത്തുക. ഡയറ്റിൽ മാറ്റങ്ങൾ വരുത്തുന്നത് വഴി ദിവസേന നടക്കേണ്ട സ്റ്റെപ്പുകളുടെ എണ്ണം 12,000 മുതൽ 15,000 വരെയായി കുറയ്ക്കാൻ സാധിക്കും. ശരീരഭാരം കുറയാൻ ആവശ്യമായ സമയം നൽകുക എന്നത് വളരെ പ്രധാനമാണ്. ഒരു ആഴ്ച കൊണ്ട് മാത്രം 1 കിലോ കുറയ്ക്കാൻ ശ്രമിക്കുന്നത് പ്രായോഗികമല്ല. പകരം ദിവസവും 10,000-12,000 സ്റ്റെപ്പുകൾ നടന്ന് 10 മുതൽ 15 ദിവസം കൊണ്ട് 1 കിലോ കുറയ്ക്കാൻ ലക്ഷ്യമിടുക.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!