‘മാന്യനായ കള്ളൻ’; അന്വേഷണസംഘം മുഹമ്മദിനെ തേടിയെത്തിയത് കെ.എസ്.ഇ.ബി. ജീവനക്കാരുടെ വേഷത്തിൽ
ആലക്കോട്: കുപ്രസിദ്ധ മോഷ്ടാവ് കൊല്ലപറമ്പിൽ വീട്ടിൽ കെ.യു.മുഹമ്മദി(46)നെ പിടിക്കാൻ വയനാട് പോലീസ് ആലക്കോട്ടെത്തിയത് കെ.എസ്.ഇ.ബി. ജീവനക്കാരുടെ വേഷത്തിൽ. മഴക്കാല പൂർവ പരിശോധനയുടെ ഭാഗമായി നാട്ടിലെ ലൈനുകൾ പരിശോധിക്കാനെന്ന മട്ടിൽ മഫ്തിയിലെത്തിയ പോലീസുകാർ മുഹമ്മദ് നാട്ടിലും വീട്ടിലുമുണ്ടെന്ന് ഉറപ്പിച്ചു. ഒരാഴ്ചയോളം അയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചായിരുന്നു അറസ്റ്റ്.
താമസിക്കുന്ന സ്ഥലങ്ങളിൽ സംഘടനകൾക്ക് നല്ല സംഭാവന നല്കാനും നാട്ടുകാർക്കിടയിൽ മതിപ്പുണ്ടാക്കിയെടുക്കാനും മുഹമ്മദ് ശ്രദ്ധിച്ചിരുന്നു. ആലക്കോട്ട് കൊച്ചുകുട്ടാപറമ്പിൽ വലിയ ആഡംബര വീട് പണിതാണ് ഇയാളും കുടുംബവും താമസിക്കുന്നത്. കോഴിക്കോട്ട് നടന്ന കവർച്ചക്കേസിൽ 2017 സെപ്റ്റംബറിൽ മുഹമ്മദിനെ അറസ്റ്റു ചെയ്ത പോലീസ് ഈ വീട്ടിൽനിന്ന് കവർച്ചമുതലുകൾ കണ്ടെടുത്തിരുന്നു. രണ്ടുകോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച വീട്ടിൽ പ്രത്യേകം അറകളിലായിരുന്നു അന്ന് കളവുചെയ്ത സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്.
നാട്ടിൽ മാന്യനായി നടക്കുന്ന മുഹമ്മദ് താൻ റിയൽ എസ്റ്റേറ്റ് ഏജന്റാണെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. മോഷണം വഴി കോടികളുടെ ആസ്തിയുണ്ടാക്കിയിട്ടുണ്ട്. കാസർകോട് ബെളാലിൽ നേരത്തേ പെട്രോൾ പമ്പ് ഉണ്ടായിരുന്നു. തളിപ്പറമ്പിലും മറ്റും ഭൂമിയുമുണ്ട്. ആഡംബര കാറും സ്വന്തമായുണ്ട്. 2008-ൽ 32 കേസുകളിലായി 500 പവനോളം മോഷ്ടിച്ച കേസിൽ ഇരിക്കൂർ പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നു. ഓരോ തവണ പുറത്തിറങ്ങിയാലും വീണ്ടും മോഷണത്തിലേക്കു പോകുന്നതാണ് മുഹമ്മദിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.
2000-ൽ കണ്ണൂർ ടൗൺ പോലീസും മോഷണത്തിന് ഇയാളെ പിടിച്ചിരുന്നു. അന്ന് തളിപ്പറമ്പ് മാവിച്ചേരിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് വീട് പണിയുന്നതും ഫർണിച്ചർ കട നടത്തുന്നതും പോലീസ് കണ്ടെത്തിയിരുന്നു.
വീടിന്റെ പിറകുവശത്തെ വാതിൽ തകർത്താണ് കവർച്ച നടത്താറുള്ളത്. സ്വർണവും പണവുമാണ് കൂടുതലും മോഷ്ടിക്കാറുള്ളത്.
