ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും
പേരാവൂർ:ആയില്ല്യാർകാവിലെ മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാൻകുറിച്ച്യസമുദായക്കാർക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തിൽ നടത്തിയ പ്രസ്താവനക്കെതിരെ ജില്ല കുറിച്ച്യ മുന്നേറ്റ സമിതി കൊട്ടിയൂർ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് പ്രതിഷേധപ്രകടനം .
മരങ്ങൾ മുറിച്ചു മാറ്റുവാൻ ജില്ലാ കളക്ടറുടെ അനുമതിയുണ്ടായിരുന്നതായി പ്രസ്താവനയിൽ പറയുന്നുണ്ടെങ്കിലും മരം മുറി വിവാദമായ സാഹചര്യത്തിൽ ആയതിന്റെ ഉത്തരവാദിത്വം കുറിച്ച്യസമുദായത്തിന്റെ തലയിൽ കെട്ടിവെക്കുന്ന തരത്തിലാണ് ചെയർമാൻ പ്രാദേശിക ചാനലിൽ സംസാരിച്ചത്.
ചെയർമാനെതിരെ കോടതി മുഖേന നിയമനടപടി സ്വീകരിക്കുവാനും കളക്ടറുടെ അനുമതിക്ക് വിരുദ്ധമായിട്ടുള്ള പ്രവൃത്തികൾ ക്ഷേത്രപരിസരത്ത് നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ കളക്ടറോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
