മുരിങ്ങോടി മാങ്കോലീഫിലെ അതിഥി തൊഴിലാളിക്ക് വീണ് കിട്ടിയ സ്വർണാഭരണം ഉടമസ്ഥയെ കണ്ടെത്തി നല്കി

Share our post

പേരാവൂർ: ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടിയ രണ്ടു പവന്റെ സ്വർണാഭരണം ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കി. പേരാവൂർ മുരിങ്ങോടിയിലെ മാങ്കോലീഫ് റസ്റ്റോറന്റിലെ ക്ലീനിങ്ങ് തൊഴിലാളി ബീഹാർ സ്വദേശി ഇംതിയാസ് അൻസാരിക്കാണ് ജോലിക്കിടെ സ്വർണമാല നിലത്ത് നിന്ന് കിട്ടിയത്. ഇയാൾ മാല ഹോട്ടലുടമയെ ഏല്പിക്കുകയും ഉടമസ്ഥയെ കണ്ടെത്തി മാങ്കോലീഫ് ഉടമ മാല തിരിച്ചേൽപ്പിക്കുകയുമായിരുന്നു.

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിനിയുടെ മാലയാണ് തിങ്കളാഴ്ച മാങ്കോലീഫിൽ നഷ്ടപ്പെട്ടത്. ആരുടെ മാലയാണ് എന്നറിയാതെ ഉടമ പലരോടും അന്വേഷിക്കുന്നതിനിടെയാണ് മാലയുടെ ഉടമയുടെ ബന്ധുക്കൾ രാത്രി വൈകി റസ്റ്റോറന്റിൽ എത്തിയതും മാല തിരികെ ലഭിച്ചതും. മാലയുടെ ഉടമ തനിക്കുണ്ടായ നല്ല അനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

മാലയുടെ ഉടമ പങ്കുവെച്ച കുറിപ്പ്

അസ്സലാമു അലൈക്കും.

പ്രിയരേ,

വളരെ സന്തോഷത്തോടെയും അതിലുപരി ബഹുമാനത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്.

കാര്യത്തിലേക്ക് വരാം. ഇന്നലെ (27-07-2026, തിങ്കളാഴ്ച) അഞ്ചരക്കണ്ടി സ്വദേശിയായ ഞാൻ എന്റെ കസിനോടൊപ്പം ഒരു ആവശ്യാർത്ഥം പേരാവൂരിലേക്ക് പോയിരുന്നു. തിരിച്ച് വരുന്നതിനിടെ പേരാവൂർ മുരിങ്ങോടിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച മാംഗോലീഫ് ഹോട്ടലിൽ കയറി. ഞങ്ങൾ മൂന്നോ നാലോ പേരുണ്ടായിരുന്നു. ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ ഉൾപ്പെടെ ഭക്ഷണം കഴിച്ചു. ഭക്ഷണം വളരെ രുചികരമായിരുന്നു. അതിലുപരി അവിടുത്തെ സേവനവും പെരുമാറ്റവും വളരെ മികച്ചതായിരുന്നു.

തിരിച്ച് വരുമ്പോൾ മറ്റൊരു ഹോട്ടലിൽ ജോലി ചെയ്യുന്ന എന്റെ ഭർത്താവ് അവിടുത്തെ ജീവനക്കാരോട് കുശലാന്വേഷണം നടത്തുകയും ഹോട്ടലിനെക്കുറിച്ചുള്ള നല്ല അഭിപ്രായം അറിയിക്കുകയും ചെയ്തു.

ഹോട്ടലിൽ നിന്ന് ഇറങ്ങുന്നതിനിടെ ചില്ലുകൂട്ടിൽ നിരത്തിവെച്ചിരുന്ന പലഹാരങ്ങളും ചായയും കണ്ടിരുന്നു. എന്നാൽ ഭക്ഷണം കഴിച്ച് നിറഞ്ഞിരുന്നതിനാൽ “അടുത്ത തവണ രുചിക്കാം” എന്ന് കരുതി യാത്ര തുടർന്നു. വഴിമധ്യേ പല സ്ഥലങ്ങളിലും കയറിയിറങ്ങി വീട്ടിലെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു.

വീട്ടിലെത്തി വസ്ത്രം മാറുന്നതിനിടയിലാണ് എന്റെ സ്വർണമാല നഷ്ടമായതായി മനസ്സിലാക്കിയത്. എവിടെയാണ് നഷ്ടമായതെന്ന് അറിയാതെ ആകെ വിഷമത്തിലായി. ആ യാത്രയിൽ പല സ്ഥലങ്ങളിലും കയറിയിറങ്ങിയതിനാൽ എവിടെ തിരയണമെന്ന് പോലും മനസ്സിലായില്ല.

ഉടൻ പേരാവൂരിലുള്ള എന്റെ കസിനെ വിളിച്ച് വിവരം അറിയിക്കുകയും മാംഗോലീഫ് ഹോട്ടലിൽ അന്വേഷിക്കാനും പറഞ്ഞു. അപ്പോഴാണ് ഏറെ വൈകിയ സമയമായിട്ടും മാലയുടെ യഥാർത്ഥ ഉടമ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയിൽ ഹോട്ടൽ അധികൃതരും ജീവനക്കാരും അത് സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ട് കാത്തിരിക്കുകയായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്.

മനുഷ്യത്വത്തിന് പോലും പലരും വിലകൽപ്പിക്കാത്ത ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുന്ന സ്ഥാപനങ്ങളും അവിടുത്തെ ജീവനക്കാരും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നവരാണ്.

ഈ സത്യസന്ധതയ്ക്കും കരുതലിനും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. “നന്ദി” എന്ന ഒരു വാക്കിൽ ഇത് ഒതുക്കാനാവില്ല. അന്ന് കുടിക്കാതെ വിട്ട ചായയും പലഹാരങ്ങളും, വീണ്ടും ആ രുചികരമായ ഭക്ഷണവും ആസ്വദിക്കാൻ ഞാനും എന്റെ കുടുംബവും ഇനിയും ഇടയ്ക്കിടെ അവിടെ എത്തിച്ചേരും, ഇൻഷാ അല്ലാഹ്.

സ്നേഹപൂർവ്വം,
ഒരു നന്ദിയുള്ള സഹോദരി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!