അക്ഷരത്തിലും പൂജ്യത്തിലും വരെ പണികിട്ടും; എം.വി.ഡിയുടെ ഓൺലൈൻ സേവനത്തിൽ വട്ടംചുറ്റി അപേക്ഷകർ
കാക്കനാട്: പേരും ജനനത്തീയതിയും വിലാസവുമെല്ലാം ഒന്നുതന്നെ. പക്ഷേ, ആധാറിലെയും ഡ്രൈവിങ് ലൈസൻസിലെയും പേരിലെ ഒരക്ഷരം കാപ്പിറ്റലോ സ്‌മോളോ ആയി വ്യത്യാസപ്പെട്ടാൽ പിന്നെ കാര്യങ്ങൾ എളുപ്പമല്ല. പേരിലെ അക്ഷരവ്യത്യാസം മാത്രമല്ല, ജനനത്തീയതിയിൽ ഒരിടത്ത് തീയതിക്കോ മാസം കാണിക്കുന്ന അക്കത്തിനോ മുന്നിലായി പൂജ്യം ഉണ്ടോ ഇല്ലേ എന്ന വ്യത്യാസവും പ്രശ്‌നമാണ്.
വീട്ടുപേര്, രക്ഷിതാവിന്റെ പേര് തുടങ്ങിയവയിലും വരുന്ന ഇത്തരം ചെറിയ വ്യത്യാസങ്ങളും ‘ഡെമോഗ്രാഫിക് മിസ്മാച്ച് ‘ എന്ന പേരിൽ അപേക്ഷയ്ക്ക് തടസ്സമാകുന്നു. ആധാറും ഡ്രൈവിങ് ലൈസൻസും തമ്മിൽ ഇത്തരത്തിൽ കൃത്യമായി ചേരാതെ വന്നാൽ ഓൺലൈൻ സേവനത്തിന് സിസ്റ്റം ഉടൻ ‘നോ’ പറയും. ഒടുവിൽ ചെറിയൊരു അക്ഷരത്തെറ്റ് തിരുത്താൻ ആർ.ടി.ഒ. ഓഫീസിലേക്ക് നേരിട്ടെത്തണം.
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കായി ലൈസൻസിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടിവരുന്നവരാണ് പ്രധാനമായും വലയുന്നത്. ഓൺലൈൻ വഴി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ആധാർ അധിഷ്ഠിത സംവിധാനമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ ആധാറിലെയും ലൈസൻസിലെയും വിവരങ്ങൾ കൃത്യമായി ഒത്തുപോകണം.
ഒരു അക്ഷരം മാറിയാൽ ‘മാച്ച്’ ഇല്ല
‘പേര് അതുതന്നെയല്ലേ?’ എന്ന് അപേക്ഷകൻ ചോദിച്ചാലും സിസ്റ്റത്തിന് അതൊന്നും വിഷയമല്ല. വിവരങ്ങൾ കൃത്യമായി ഒത്തുപോകണം. ഒരു അക്ഷരം പോലും വ്യത്യസ്തമായാൽ ഓൺലൈൻ അപേക്ഷ നിരസിക്കപ്പെടും. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്തശേഷം ആധാർ വിലാസം കേരളത്തിലേക്ക് മാറ്റിയവരും സമാന പ്രശ്‌നം നേരിടുന്നു. ലൈസൻസിലെ പഴയ വിലാസവും ആധാറിലെ പുതിയ വിലാസവും തമ്മിലുള്ള വ്യത്യാസം സിസ്റ്റത്തിന് ‘മിസ്മാച്ച്’ ആണ്.
ഓൺലൈൻ ‘പണി’; ഓഫീസിൽ തിരക്ക്
ഓൺലൈനായി തീർക്കേണ്ട കാര്യം നടക്കാതെ വന്നതോടെ അപേക്ഷകർ നേരെ ആർ.ടി.ഒ. ഓഫീസിലേക്ക് എത്തുകയാണ്. ഓരോ ഓഫീസിലും ദിവസേന 25-ലേറെ പേർ ഇത്തരം പരാതികളുമായി എത്തുന്നുണ്ടെന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പറയുന്നു. അപേക്ഷകരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് മാനുവലായി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടിവരുന്നു.
ഇതോടെ ഓൺലൈൻ സേവനം ലളിതമാക്കാനെത്തിയ സാങ്കേതിക സംവിധാനം തന്നെ ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടുന്ന സ്ഥിതിയാണ്. അതേസമയം, ലൈസൻസിൽ നേരത്തേ തന്നെ മൊബൈൽ നമ്പർ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഒ.ടി.പി. ലഭിക്കുന്നതിൽ തടസ്സമില്ലെങ്കിൽ പല സേവനങ്ങളും ഓഫീസിലെത്താതെ തന്നെ ഓൺലൈനായി പൂർത്തിയാക്കാം.
ലൈസൻസ് റദ്ദാകുമെന്ന് പേടിക്കേണ്ട
ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു സന്ദേശവും ആളുകളെ ആശങ്കപ്പെടുത്തുന്നുണ്ട്. ‘ഉടൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകും’ എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം സന്ദേശങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആധാറിലെയും ലൈസൻസിലെയും വിവരങ്ങളിലെ ചെറിയ വ്യത്യാസങ്ങൾ അപേക്ഷകർക്ക് തന്നെ വാഹൻ/സാരഥി പോർട്ടൽ വഴി തിരുത്താൻ കഴിയുന്ന സംവിധാനം ഒരുക്കിയാൽ പ്രശ്‌നം പരിഹരിക്കാം.
