‘മുത്തച്ഛൻ പീഡിപ്പിച്ച മക്കളെ വിഷം കൊടുത്തുകൊന്നു’; അറസ്റ്റിലായ നാടക നടനെതിരെ ഗുരുതര വെളിപ്പെടുത്തൽ 

Share our post

പയ്യന്നൂർ: കഴിഞ്ഞദിവസം പോക്‌സോ കേസിൽ അറസ്റ്റിലായ നാടകനടനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ. കഴിഞ്ഞവർഷം പയ്യന്നൂർ രാമന്തളിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട കുട്ടികളുടെ അമ്മയാണ് തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്. കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങി പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിലായ പശ്ചാത്തലത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. 

2025 ഡിസംബർ 22നാണ് പ്രതിക്കെതിരേയുള്ള പോക്സോ കേസുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായത്. രാമന്തളിയിലെ  വീട്ടിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആറ് വയസ്സുള്ള പെൺകുട്ടിയുടേയും രണ്ട് വയസ്സുള്ള ആൺകുട്ടിയുടെയും ഇവരുടെ പിതാവിന്റെയും മുത്തശ്ശിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കുട്ടികളുടെ മുത്തച്ഛനായ നാടകനടനെ പ്രതിചേർക്കുന്നതിലേക്കെത്തി. കുട്ടികളെ ഇയാൾ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സംഭവം ഏഴ് മാസം പിന്നിടുമ്പോഴാണ് മരിച്ച കുട്ടികളുടെ അമ്മയായ യുവതി രംഗത്തെത്തിയത്. കുട്ടികളെ മുത്തച്ഛനാൽ ലൈംഗീകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ തന്നെ മനോരോഗിയാക്കി, എന്നാൽ ആ പ്രതി ഇന്നും അതേ കുറ്റകൃത്യം ചെയ്ത് അറസ്റ്റിലായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. 

ഭർതൃപിതാവ് തന്റെ മക്കളെ വിഷം കൊടുത്തു കൊന്നതാണെന്ന് യുവതി ആരോപിക്കുന്നു. രണ്ട് മക്കളും ഭർത്താവും ഭർത്താവിന്റെ അമ്മയും മരണപ്പെട്ടത് ആത്മഹത്യയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, തന്റെ പീഡനവിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ തെളിവ് നശിപ്പിക്കാനായി ഇയാൾ ചെയ്തതാകാമെന്നാണ് ഇവരുടെ ആരോപണം. കുട്ടിയുടെ ശരീരത്തിൽ നീരും പാടുകളും കണ്ടെത്തിയിരുന്നു. കുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് മുത്തച്ഛന്റെ പീഡനവിവരം താനറിയുന്നതെന്ന് യുവതി പറഞ്ഞു. സ്വകാര്യഭാഗത്ത് നീറ്റലുണ്ടെന്ന് മകൾ പറയാറുണ്ടായിരുന്നു. ഉറങ്ങുമ്പോൾ ഭർതൃപിതാവ് ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. കൂടുതൽ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവും നീരും കണ്ടത്. താനെല്ലാം അറിഞ്ഞുവെന്ന് മനസ്സിലാക്കിയപ്പോൾ തനിക്കെതിരേ തിരിഞ്ഞു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭർതൃപിതാവ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറയാനും വിശദീകരിക്കാനും ശ്രമിച്ചപ്പോൾ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു. ഭർത്താവിനെയും തന്നെയും പരസ്പരം പിണക്കിമാറ്റാനായി മനപൂർവം പ്രശ്‌നങ്ങളുണ്ടാക്കി. ഇതുകൊണ്ട് ഇക്കാര്യങ്ങളൊന്നും ഭർത്താവുമായി പങ്കുവെയ്ക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. ഭർത്താവിൽ നിന്നും ഭർത്താവിന്റെ അച്ഛനിൽ നിന്നും ഒരുപാട് ഉപദ്രവമേറ്റുവാങ്ങേണ്ടി വന്നു. ക്രൂരമായ ശാരീരിക മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്, മുടിക്ക് കുത്തിപ്പിടിക്കുകയും കൈ അടിച്ച് ഒടിക്കുകയും ചെയ്തതായും യുവതി പറഞ്ഞു. പ്രതിയും കൂട്ടരും തന്നെ മാനസിമായും ശാരീരികമായും പീഡിപ്പിച്ചു.  പീഡനവിവരം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു

പോലീസിന്റെ ഭാഗത്തുനിന്ന് വലിയ അവഗണനയാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതി ആരോപിക്കുന്നു. പ്രതിക്ക് അനുകൂലമായ റിപ്പോർട്ടുകളാണ് പോലീസ് തയ്യാറാക്കിയതെന്നും, സഹായത്തിനായി വിളിച്ചപ്പോൾ എത്തിയ പിങ്ക് പോലീസ് കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ തന്റെ കുഞ്ഞുങ്ങൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു എന്നുമാണ് യുവതി പറഞ്ഞത്. മറ്റൊരു വഴിയും ഇല്ലാതായപ്പോൾ പയ്യന്നൂരിലെ സഹകരണാശുപത്രിയിലെത്തി ഡോക്ടറെ അറിയിച്ചത്. ലേബർ റൂമിൽവെച്ച് നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി ശാസത്രീയമായി തെളിയിക്കപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് അറസ്റ്റിൽ നിന്നും രക്ഷപ്പെട്ടത് എന്നാണ് യുവതി പറയുന്നത്.

കുട്ടികളെ പിന്നീട് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും പ്രതി ഇടയ്ക്ക് കാണാനെത്തുമായിരുന്നു. തന്റെ അനുവാദമില്ലാതെ തന്നെ കുട്ടികളെ ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രതി താമസിക്കുന്ന വീട്ടിൽ 40 ദിവസം വീണ്ടും കുട്ടിയെ താമസിപ്പിച്ചു. പോലീസിനെ ഈ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. പരാതിയുമായി പോയപ്പോൾ തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കുട്ടികളെ തിരിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുവിടേണ്ട ദിവസത്തിന് തലേന്ന്, കുട്ടികൾക്ക് വിഷം കൊടുക്കുമെന്ന് ഭർത്താവ് വിളിച്ചുഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. അടുത്തദിവസം ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്ന് പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. ഇതുപ്രകാരം പിങ്ക് പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും വീട്ടിൽ ആളില്ലെന്നും ഫോൺവിളിച്ച് എടുക്കില്ലെന്നും പറഞ്ഞ് പോലീസ് തിരിച്ചുവന്നു. അന്ന് പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ കുട്ടികളെ ജീവനോടെ ലഭിക്കുമായിരുന്നു. പ്രതി നാട്ടിൽ അറിയപ്പെടുന്ന ഒരു നാടക നടനും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയുമാണ്. ഈ സ്വാധീനം ഉപയോഗിച്ച് ഇയാൾ തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചതായി യുവതി ആരോപിക്കുന്നു.

ഭർത്താവിന്റെയും അമ്മയുടേയും ആത്മഹത്യാക്കുറിപ്പിൽ മരണകാരണമായി തന്റെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പെടുത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്തതാണ്. തന്റെ മക്കളുടെ ചിതാഭസ്മത്തിനൊപ്പം പ്രതിയുടെ ചിതാഭസ്മം അടക്കം ചെയ്യണമെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായും യുവതി വെളിപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!