ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; അന്വേഷണം പുനരാരംഭിക്കാന്‍ ശ്വേത സര്‍ക്കാരിനോട് അവശ്യപ്പെടുമോ; ചോദ്യവുമായി വിനയന്‍

Share our post

കൊച്ചി: താര സംഘടനയിലെ തര്‍ക്കത്തിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ശ്വേതാ മോനോന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. അമ്മയിലെ പവര്‍ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാര്‍ത്ഥമായി നില കൊള്ളുമോ എന്നാണ് വിനയന്‍ ചോദിച്ചത്. നാളിതുവരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അമ്മയിലെ ആരും പിന്തുണച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിലെ നടപടികളൊക്കെ അമ്മയിലെ ആളുകള്‍ തന്നെ ഇടപെട്ട് തടഞ്ഞില്ലേ എന്നും ശ്വേതയോട് വിനയന്റെ ചോദ്യമുണ്ടായി. അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാരിനോട് അവശ്യപ്പെടുമോ എന്ന് ചോദിച്ച അദ്ദേഹം തന്നെയും തിലകനെയുമെല്ലാം വിലക്കിയത് ഇതേ പവര്‍ ഗ്രൂപ്പ് ആണെന്നും വ്യക്തമാക്കി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ 141 മുതല്‍ 144 വരെ പേജില്‍ അക്കാര്യമുണ്ടെന്നും വിനയന്‍ പറഞ്ഞു.

തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോട് ആണെന്നും താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നുമായിരുന്നു ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. അക്കാര്യം ഉറപ്പിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞിരുന്നു. സംഘടനയിലെ ചിലരെ മുന്നില്‍നിര്‍ത്തി ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരായ തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരകളെ എന്നും ചേര്‍ത്തുപിടിച്ചിട്ടുണ്ട്. അത് മാധ്യമ ശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ലെന്നും ശ്വേത മേനോന്‍ കുറിച്ചിരുന്നു.

ചിലരുടെ സാമ്പത്തികക്രമക്കേടുകളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറയുന്നതിന് പകരം വ്യക്തി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും ശ്വേത ആരോപിച്ചു. പിന്നാലെ ശ്വേതക്കെതിരെ നടി മാലാ പാര്‍വതിയും രംഗത്ത് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാന്‍ ശ്രമിക്കുന്നതുമായ ആ ‘കുറ്റാരോപിതര്‍’ ആരൊക്കെയാണെന്ന് ശ്വേത വെളിപ്പെടുത്തണമെന്നായിരുന്നു പരാമര്‍ശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!