വധശ്രമക്കേസ്; യുട്യൂബർ ഖാദർ കരിപ്പൊടി ഒളിവിൽ
കാസർഗോഡ്: യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ യുട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര സ്വദേശിയായ അബ്ദുൽ അഹദിന് മർദനമേറ്റ സംഭവത്തിൽ കാസർഗോഡ് ടൗൺ പോലീസ് ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
ഖാദർ കരിപ്പൊടിയെ കൂടാതെ മറ്റ് രണ്ടു പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽപ്പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന.
തർക്കം പരിഹരിക്കാനെന്ന വ്യാജേന അബ്ദുൽ അഹദിനെ ഖാദർ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ അഹദ് കാസർഗോഡ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഖാദർ കരിപ്പൊടിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതി കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
