ഒറിജിനലിനെ വെല്ലുന്ന വ്യാജൻ, എം.വി.ഡിക്ക് പകർപ്പുമായി ഇടനിലക്കാർ; ഓൺലൈനിൽ പിഴയടക്കരുതെന്ന് സന്ദേശം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ചുരുക്കെഴുത്തായ ‘എം.വി.ഡി’ ക്ക് ഇടനിലക്കാർ പകർപ്പും ഇറക്കി. അസലിനെ വെല്ലുന്നതാണ് വ്യാജൻ. മൂവാറ്റുപുഴ ആസ്ഥാനമായ സംഘടനയുടെ പോസ്റ്ററുകളും, അറിയിപ്പുകളും, ലെറ്റർപാഡുമെല്ലാം വകുപ്പിന്റെ കെട്ടുംമട്ടും അതേപടി പകർത്തുന്നതാണ്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ബോർഡുകളിൽ ഉപയോഗിക്കുന്ന നിറങ്ങളും ഫോണ്ടുമാണ് സംഘടനയും ഉപയോഗിക്കുന്നത്.
ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഓൺലൈനിൽ അടയ്ക്കരുതെന്നും പകരം സംഘടനയുടെ ഫെസിലിറ്റേഷൻ സെന്ററുകളിൽ അടയ്ക്കണമെന്നുമാണ് പ്രധാന നിർദേശം. ഔദ്യോഗികമെന്ന് തോന്നിപ്പിക്കാൻ സ്റ്റേറ്റ് ഇൻഫർമേഷൻ സെന്ററിന്റെ പേരിലാണ് അറിയിപ്പ്. സൈബർ തട്ടിപ്പുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാരിന്റെ ഇ ചെല്ലാൻ വെബ്സൈറ്റിലൂടെ മാത്രം പിഴ അടയ്ക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പാണ് പകർത്തിയിട്ടുള്ളത്. ഇത് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.
സംഘടനയുടെ പേരിൽ സൊസൈറ്റി എന്ന് കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും എം.വി.ഡി എന്ന പേരിലാണ് അറിയിപ്പുകളെല്ലാം. മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന സൊസൈറ്റി എന്ന പേരിലാണ് പ്രവർത്തനം. ഇടനിലക്കാർ മാത്രമാണ് സംഘടനയിലുള്ളത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് തുടങ്ങാൻ തീരുമാനിച്ചിട്ടുള്ള എം.വി.ഡി സേവാകേന്ദ്രങ്ങളെ സംഘടന എതിർക്കുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പ് സേനദാതാക്കളുടെ സൊസൈറ്റി എന്ന അർഥംവരുന്ന പേരാണ് സംഘടനയുടേത്. സർവീസ് ‘പ്രൊവൈഡേഴ്സ്’ എന്നുള്ളതിന്റെ ചുരുക്കെഴുത്തിൽ ഡിപ്പാർട്ട്മെന്റിനെ സൂചിപ്പിക്കുന്ന ‘ഡി’ ഉപയോഗിക്കേണ്ട ആവശ്യമില്ല. എന്നിട്ടും ഔദ്യോഗികമാണെന്ന് തോന്നിക്കാൻ എം.വി.ഡി എന്നാണ് എഴുതുന്നത്. ലെറ്റർപാഡും ചിഹ്നവും മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ സംഘടനകളുടേതുപോലെയാണ്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനയുമായിട്ടാണ് കൂടുതൽ സാമ്യം. ഭാരവാഹികളുടെ പേര് രേഖപ്പെടുത്തുന്നതിൽപോലും സാമ്യതയുണ്ട്.
