ആദ്യം ബസുകളുടെ ഫ്ലാഗ് ഓഫ്, പിന്നെ ടിക്കറ്റെടുത്ത് നഗരം ചുറ്റൽ; ‘വൈറൽ സ്റ്റാറായി’ മുഖ്യമന്ത്രി വിജയ്
ചെന്നൈ: പുത്തൻ ബസിൽ കന്നിയാത്രക്കാരനായി നഗരംചുറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്. വ്യാഴാഴ്ച രാവിലെ തമിഴ്നാട് സർക്കാർ പുതുതായി വാങ്ങിയ 300 ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചശേഷമാണ് വിജയ് തന്റെ മണ്ഡലമായ പെരമ്പൂരിലേക്കുള്ള ’29 സി’ നമ്പർ ബസിൽ കയറിയിരുന്ന് യാത്രക്കാരന്റെ വേഷമണിഞ്ഞത്.
ബസിൽ വിജയ് നഗരംചുറ്റി. തന്റെ മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തി. കണ്ടക്ടറെ പിടിച്ച് അടുത്തിരുത്തി ടിക്കറ്റെടുത്തു. മറ്റുയാത്രികരെ അഭിവാദ്യം ചെയ്തു. വിജയിന്റെ ബസ് യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പുത്തൻ ബസുകൾ നിരത്തിലിറക്കിയതിനെക്കാൾ ആളുകൾ അഭിനന്ദിച്ചത് അതേ ബസിൽ ആദ്യ യാത്രചെയ്യാനുള്ള വിജയിന്റെ തീരുമാനത്തെയാണ്.
നൂറുകണക്കിന് വൈദ്യുത ബസുകളെത്തുന്നു
ലോകബാങ്കിന്റെ സഹായത്തോടെ 750 വൈദ്യുത ബസുകൾ കൂടി മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ റോഡിലിറക്കുന്നു. 1,337 കോടി രൂപ ചെലവിൽ 550 എ.സി.ബസുകളും 200 ഡീലക്സ് ബസുകളുമാണ് റോഡിലിറക്കുക. ഡീലക്സ് ബസുകളിൽ എ.സി.യുണ്ടാവില്ല. തണ്ടയാർപ്പേട്ട, വ്യാസർപ്പാടി, പൂനമല്ലി, തിരുവാൺമിയൂർ, മിഞ്ചൂർ, മണലി, റെഡ് ഹിൽസ്, കോയമ്പേട് ബസ് ടെർമിനൽ എന്നിവയിൽനിന്ന് സർവീസുകൾ നടത്തും.
ബസുകളുടെ ബാറ്ററികൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഈ ബസ് ഡിപ്പോകളിലുണ്ട്. ബസുകളിലെ ബാറ്ററികൾ ഒരിക്കൽ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ സർവീസ് നടത്താൻ കഴിയും. ബസിൽ യാത്രക്കാർക്കായി സീറ്റ് ബെൽറ്റുകളുണ്ടാകും. സി.സി.ടി.വി. ക്യാമറകൾ ബസിൽ സ്ഥാപിച്ചിരിക്കും. ഒരു മാസത്തിലേക്ക് 2000 രൂപയുടെ ബസ് പാസ് ചെന്നൈവൺ ആപ്പ് വഴിയെടുക്കാം. 2000 രൂപ പാസ് എടുത്താൽ എ.സി.ബസുകളിലും നോൺ എ.സി.ബസുകളിലും സഞ്ചരിക്കാം.
നഗരത്തിൽ വാഹനങ്ങളുടെ എണ്ണം ദിവസം തോറും വർധിച്ചുവരുകയാണ്. വായുമലിനീകരണം ഇല്ലാതാക്കാനും വർധിച്ചുവരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും കണക്കിലെടുത്താണ് വൈദ്യുതബസുകൾ ഓടിക്കുന്നത്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ചെന്നൈയിൽ 400 വൈദ്യുത ബസുകൾ സർവീസ് നടത്തുന്നുണ്ട്.
