‘ഒരു കുട്ടിക്കഥ സൊല്ലട്ടുമാ?’ നിയമസഭയിൽ സ്റ്റാലിനെയും ഉദയനിധിയെയും കടന്നാക്രമിച്ച് വിജയ്

Share our post

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ അത്യന്തം നാടകീയമായ വാഗ്വാദങ്ങൾ അരങ്ങേറി. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മകൻ ഉദയനിധി സ്റ്റാലിനെയും കടുത്ത ഭാഷയിൽ വിമർശിച്ച വിജയ്, കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി പരാമർശിച്ചാണ് പരിഹാസം തൊടുത്തുവിട്ടത്. മുൻ സർക്കാർ നടത്തിയ അഴിമതികൾ തന്റെ സർക്കാർ ആവർത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയിൽ പറഞ്ഞു.

പ്രസംഗത്തിനിടെ ഡിഎംകെ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയ് തന്റെ പ്രശസ്തമായ സിനിമാ സ്റ്റൈലിലേക്ക് മാറി. “ഒരു കുട്ടിക്കഥ സൊല്ലട്ടുമാ” എന്ന് സ്പീക്കറുടെ അനുമതിയോടെ ചോദിച്ച വിജയ്, ഒരു വൃദ്ധനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്തു പറയാതെ പരിഹസിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രത്തെ ആധാരമാക്കിയായിരുന്നു വിജയയുടെ അഴിമതി ആരോപണങ്ങൾ. ഡിഎംകെ ഭരണകാലത്ത് പദവികൾ പണത്തിന് വിൽക്കുകയായിരുന്നുവെന്നും എന്നാൽ തന്റെ സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ പണം കട്ടുമുടിച്ച മുൻ ഭരണാധികാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന ഡിഎംകെയുടെ വിമർശനത്തിനും വിജയ് കൃത്യമായ മറുപടി നൽകി. വെറും 40 ദിവസം മാത്രം പ്രായമുള്ള ഒരു സർക്കാരിന് വർഷങ്ങളായി നിലനിൽക്കുന്ന ലഹരിവ്യാപനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും എങ്ങനെ പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം മുൻ ഭരണകൂടത്തിന്റെ വീഴ്ചകളാണെന്നും വിജയ് കുറ്റപ്പെടുത്തി.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ തങ്ങൾ 2.0, 3.0 പതിപ്പുകളാണെന്ന് അവകാശപ്പെട്ടവരെ ജനങ്ങൾ വീട്ടിലിരുത്തിയെന്ന് വിജയ് പരിഹസിച്ചു. ഇത് വെറും ‘അഭിനേതാക്കളുടെ ഭരണം’ ആണെന്ന ഡിഎംകെയുടെ പരിഹാസത്തിന്, യഥാർത്ഥ ഭരണം എന്താണെന്ന് കാണാൻ പോകുന്നതേയുള്ളൂ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. മുൻ സർക്കാർ ചെയ്തതുപോലെ പണം കട്ടു മുടിക്കാനല്ല താൻ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെ പാർട്ടി ഫണ്ട് എന്ന പേരിൽ പണം പിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിജയ് സഭയിൽ ആരോപിച്ചു. പൊതുമുതൽ തങ്ങൾ ഒരിക്കലും കൊള്ളയടിക്കില്ലെന്നും പുറത്തുവരുന്ന ഓരോ അഴിമതിക്കേസിലും അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കി. ടിവികെ രാഷ്ട്രീയ അവസരവാദം കാണിക്കുകയാണെന്ന് ഡിഎംകെ അംഗങ്ങൾ ആരോപിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ തിരിച്ചടിച്ചത്.

സെക്കുലർ പ്രോഗ്രസീവ് അലയൻസിലെ മുൻ സഖ്യകക്ഷികളെ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ടിവികെ കുതിരക്കച്ചവടം നടത്തിയെന്ന ഡിഎംകെയുടെ ആരോപണത്തെ വിജയ് തള്ളിക്കളഞ്ഞു. സിപിഎം, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

സഭയിൽ സ്റ്റാലിന്റെ വൈറലായ കൈയംഗ്യം വിജയ് അനുകരിച്ചത് ടിവികെ എംഎൽഎമാരുടെ വലിയ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. ഡിഎംകെ ആസ്ഥാനത്ത് വെച്ച് കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം സ്റ്റാലിൻ നടത്തിയ ഈ കൈയംഗ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എല്ലാം അവസാനിച്ചു അല്ലെങ്കിൽ എല്ലാം ഒത്തുതീർപ്പായി എന്ന സൂചന നൽകുന്ന രീതിയിലായിരുന്നു സ്റ്റാലിന്റെ അന്നത്തെ ആംഗ്യം.

ഈ കൈയംഗ്യത്തെക്കുറിച്ച് സ്റ്റാലിൻ മുൻപ് തന്നെ വിശദീകരണം നൽകിയിരുന്നു. ചർച്ചകൾ കഴിഞ്ഞോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ സ്വാഭാവികമായി ഉണ്ടായ ഒരു പ്രതികരണം മാത്രമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം കഴിഞ്ഞു എന്ന് സൂചിപ്പിക്കാനാണ് താൻ കൈ ഉയർത്തിയതെന്നും ആ ദൃശ്യങ്ങൾക്ക് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!