വീണ്ടും ഷിഗെല്ല; തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Share our post

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരായ കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതര്‍ വ്യക്തമാക്കി.

മലപ്പുറത്ത് ഇന്നലെ ഷിഗെല്ല ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. കീഴാറ്റൂര്‍ സ്വദേശി സരോജിനി(59) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വയറിളക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ചയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില നിലവിൽ തൃപ്തികരമാണ്. വയനാട് കോളിയാടി സ്‌കൂളിലെ ഏഴ് പേര്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയിരുന്നു. 110ല്‍ അധികം പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!