എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പീത്‌സ വേണമെന്ന് യുവതി; കോഡ് മനസിലാക്കി ഷാര്‍ജ പൊലീസ്, ഭര്‍ത്താവിനെ കീഴ്പ്പെടുത്തി രക്ഷ
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എത്രത്തോളം ജാഗ്രതയോടെ, സൂക്ഷ്മതയോടെ കര്‍മനിരതനാകണമെന്ന് ബോധ്യപ്പെടുത്തുന്നൊരു സംഭവമാണ് ഷാര്‍ജയില്‍ നിന്നും പുറത്തുവരുന്നത്. എമര്‍ജന്‍സി നമ്പറിലേക്ക് വന്ന ഫോണ്‍കോളില്‍ നിന്നും ഒരു യുവതി അപകടത്തിലാണെന്നും അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മനസിലാക്കി, എന്നാല്‍ താന്‍ അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ച് ഒരക്ഷരം പറയാന്‍ പറ്റാത്ത സാഹചര്യത്തിലും ആ യുവതി ബുദ്ധിപൂര്‍വം കാര്യങ്ങള്‍ അവതരിപ്പിച്ചതു കൂടിയാണ് വലിയൊരു ദുരന്തത്തില്‍ നിന്നും അവരെ കരകയറ്റാന്‍ പൊലീസിനെ സഹായിച്ചത്.
‘അമന്‍ യാ ബിലാദി’യെന്ന ഷാര്‍ജ പൊലീസിന്റെ പ്രോഗ്രാമിലാണ് കമ്മ്യൂണിക്കേഷന്‍സ് ഓപ്പറേഷന്‍സ് ബ്രാഞ്ച് ക്യാപ്റ്റന്‍ മജിദ് അല്‍ ബസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് യുവതി ആവശ്യപ്പെട്ടത് ഒരു പീത്‌സ വേണമെന്നായിരുന്നു. ഇത് ഷാര്‍ജ പൊലീസിന്റെ എമര്‍ജന്‍സി നമ്പറാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. എന്നാല്‍ യുവതി ആവശ്യം ആവര്‍ത്തിച്ചു, ആ വാക്കുകളിലെ പരിഭ്രാന്തിയും ശബ്ദത്തിലെ ഇടര്‍ച്ചയും പൊലീസുകാരനായ ഖമിസിന് ബോധ്യപ്പെട്ടു.
