പ്രളയ സാധ്യത; അജൈവ പാഴ്‌‌വസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം

Share our post

കല്‍പ്പറ്റ: വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലുള്ള അജൈവ പാഴ്‌വസ്തുക്കള്‍ അടിയന്തരമായി നീക്കംചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ മുഖേന നിര്‍ദേശം.

കാലവര്‍ഷവും വിവിധ പ്രദേശങ്ങളിലെ പ്രളയ സാധ്യതയും കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മഴയില്‍ നനഞ്ഞ പാഴ്‌വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതും സംഭരിക്കുന്നതും ബുദ്ധിമുട്ടിനിടയാക്കും. അവയുടെ ഗുണനിലവാരവും വിപണി മൂല്യവും കുറയും.

പാഴ്‌വസ്തുക്കള്‍ നനഞ്ഞ് മാലിന്യമാകുന്നത് സംസ്‌കരണത്തില്‍ തദ്ദേശ സ്ഥാപനത്തിന് അധിക ബാധ്യതയാകും. പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരം രൂപപ്പെടുന്നത് പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. എന്നിരിക്കേ അജൈവ മാലിന്യം മഴവെള്ളവുമായി കലര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം.

പ്രളയസാധ്യതയുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ സുഗമമായി എത്തുന്നതിന് റോഡ് സൗകര്യം അടിയന്തരമായി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതലത്തില്‍ പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ പാഴ്‌വസ്തു സംഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരം ജോയിന്‍റ് ഡയറക്ടര്‍മാര്‍ ശേഖരിച്ച് അതത് ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണം.

വരുംവര്‍ഷങ്ങളില്‍ മാര്‍ച്ച് 31നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ പാഴ്‌വസ്തു സംഭരണ സംവിധാനങ്ങളുടെ പുതുക്കിയതും കൃത്യവുമായ വിവരം ജോയിന്‍റ് ഡയറക്ടര്‍മാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!