വന്യജീവി ആക്രമണം;സർക്കാരിൻ്റെ ഭാഗത്ത് നിന്നും കുറേക്കൂടി ഉത്തരവാദിത്ത പൂർണ്ണമായ സമീപനം ഉണ്ടാകണം; പിണറായി വിജയൻ

Share our post

തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂർണ്ണമായ സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോൾ സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന ലാഘവപൂർണമായ മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പിണറായി വിജയൻ വിമർശിച്ചു.

രണ്ടാഴ്ചക്കുള്ളിൽ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് ബുധനാഴ്ച കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമർശനം ഉയർന്നിട്ടുണ്ടെന്നും പ്രസ്താവനയിൽ പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. തുടരേയുള്ള ആക്രമണങ്ങളും ജീവ നഷ്ടവും ഇതിന്റെ കൂടി തെളിവാണ്. അരക്ഷിതരായ ജനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്യുക എന്നത് ഗവൺമെന്റിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനവിരുദ്ധമാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണം. വന്യ ജീവി ആക്രമണത്തിൽ കൃഷികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!