ഗോവിന്ദച്ചാമി ജയിൽ ചാടിയതെങ്ങനെ?; പഠിച്ചുതീരാതെ കമ്മിറ്റി, സമയം വീണ്ടും നീട്ടി

Share our post

തിരുവനന്തപുരം ∙ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ചാടിയെതെങ്ങനെ? ഏതെല്ലാം ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചു? ജയിൽ സുരക്ഷയിൽ എന്തെല്ലാം പാളിച്ചയുണ്ടായി ? മൂന്ന് മാസത്തിനകം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി കഴിഞ്ഞ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിറ്റി 10 മാസം കഴിഞ്ഞിട്ടും പഠിച്ചു കഴിഞ്ഞില്ല. ഇതോടെ, മൂന്ന് മാസം കൂടി സമയം നീട്ടിനൽകി ആഭ്യന്തരവകുപ്പ്.

ഇതിനിടെ, വിയ്യൂർ അതീവ സുരക്ഷാ ജയിലിൽനിന്നു സുരക്ഷ കുറഞ്ഞ ഏതെങ്കിലും സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു ഗോവിന്ദച്ചാമി ജയിൽ അധികൃതരെ സമീപിച്ചു. തമിഴ്നാട്ടിലേക്കു ജയിൽമാറ്റം ആവശ്യപ്പെട്ടു മുൻപു നൽകിയ അപേക്ഷ നിരസിച്ചതിനെത്തുടർന്നുള്ള ആസൂത്രണത്തിന് ഒടുവിലായിരുന്നു 2025 ജൂലൈയിൽ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം.

ജയിൽചാട്ടങ്ങൾ ഒഴിവാക്കേണ്ടത് എങ്ങനെ, ജയിലുകളുടെ സുരക്ഷ എങ്ങനെ വർധിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾ കൂടി അന്വേഷിക്കാനായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് 2നു റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻനായരും മു‍ൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസും അംഗങ്ങളായി എൽഡിഎഫ് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്.

തുടക്കത്തിൽ കമ്മിറ്റി ഏതാനും ജയിലുകൾ സന്ദർശിച്ചെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം തീർന്നില്ല. ഡിസംബറിൽ കമ്മിറ്റിയുടെ ആവശ്യപ്രകാരം 6 മാസം കൂടി അധികസമയം നൽകി. ഇതിനിടെ സി.എൻ.രാമചന്ദ്രൻനായരെ തൃശൂർ വെടിമരുന്നു ദുരന്തം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മിഷനാക്കി. മുന്നാക്ക സമുദായ കോർപറേഷന്റെ അധ്യക്ഷ സ്ഥാനത്തിനൊപ്പമായിരുന്നു പുതിയ ചുമതലകൾ. അന്വേഷണം പൂർത്തിയാകാതെ വന്നതോടെ കൂടുതൽ സമയം ആവശ്യപ്പെട്ട് കമ്മിറ്റി വീണ്ടും കത്തുനൽകി. പുതിയ സർക്കാർ അധികാരമേറ്റതോടെ, മേയ് 2 മുതൽ മുൻകാല പ്രാബല്യത്തോടെ വീണ്ടും 3 മാസം കൂടി അനുവദിച്ചു കഴിഞ്ഞദിവസം ഉത്തരവിറങ്ങി.

ജയിൽ ഉന്നതരുടെ യോഗം ഇന്ന്

ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്നു പൂജപ്പുരയിലെ ജയിൽ ആസ്ഥാനത്താണു യോഗം. ജയിൽ ഡയറക്ടർ, സെൻട്രൽ ജയിലുകളിലെയും തുറന്ന ജയിലുകളിലെയും സൂപ്രണ്ടുമാർ, ഡിഐജിമാർ എന്നിവർ പങ്കെടുക്കും. ജയിലിൽ രാഷ്ട്രീയാടിസ്ഥാനത്തിൽ പരോൾ നൽകുന്നതുമായി ബന്ധപ്പെട്ടു വിമർശനമുയർന്ന സാഹചര്യത്തിൽ പരോൾ വ്യവസ്ഥയിലെ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതു യോഗത്തിൽ ചർച്ചയാകും. ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ജയിലുകൾ ലഹരിമുക്തമാക്കുന്നതിനുള്ള നിർദേശങ്ങളുമുണ്ടാകുമെന്നാണു വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!