മുഴപ്പിലങ്ങാട് ബീച്ചിൽ കർണാടകയിൽനിന്നുള്ള സഞ്ചാരികളുടെ തിരക്ക്
മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ബീച്ചിലേക്ക് കർണാടകയിൽനിന്നുള്ള സഞ്ചാരികളുടെ വൻ തിരക്ക്. കൊട്ടിയൂർ വൈശാഖ ഉത്സവത്തിൽ പങ്കെടുക്കാനായി എത്തുന്നവരാണ് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെമുതൽ തുടങ്ങി ഒഴുക്ക് വൈകീട്ട് വരെ തുടർന്നു. നൂറുകണക്കിന് വാഹനങ്ങളാണ് ഞായറാഴ്ച ബീച്ചിൽ എത്തിയത്. ആയിരത്തിലധികം സഞ്ചാരികൾ എത്തിയതായി കണക്കാക്കുന്നു. ശക്തമായ മഴയെ തുടർന്ന് ബീച്ചിലേക്ക് വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഒട്ടേറെ വാഹനങ്ങൾ ബീച്ചിലേക്ക് കടന്നു. ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യക്കുറവ് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ബീച്ച് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ശൗചാലയങ്ങൾ തുറന്നുനൽകാത്തത് പ്രതിഷേധത്തിന് കാരണമായി.
