‘അപേക്ഷ വിളിച്ച്, പരീക്ഷ നടത്തിയുള്ള നിയമനമല്ല; ദൗര്‍ഭാഗ്യകരമായ വിവാദം’; ന്യായീകരിച്ച് വീണ്ടും സണ്ണി ജോസഫ്
തിരുവനന്തപുരം: ബന്ധു നിയമനത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ദൗര്‍ഭാഗ്യകരമായ വിവാദമെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. ബന്ധു എന്ന നിലയില്‍ അല്ല നിയമനമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫില്‍ എന്തെങ്കിലും യോഗ്യത മാനദണ്ഡമോ അയോഗ്യത മാനദണ്ഡമോ നിയമപരമായി ഇല്ല. അപേക്ഷ വിളിച്ച് പരീക്ഷയും അഭിമുഖവും നടത്തിയുള്ള നിയമനമല്ല ഇത്. ബന്ധപ്പെട്ട മന്ത്രിയാണ് അതില്‍ തീരുമാനമെടുക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഈ വ്യക്തി തന്റെ ബന്ധുവാണെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. തനിക്ക് അനുജന്‍ ഉണ്ട്. എന്നാല്‍ അദ്ദേഹത്തെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചില്ല. പകരം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ, തെരഞ്ഞെടുപ്പില്‍ ചീഫ് ഏജന്റായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡുള്ള ബെന്നി തോമസിനെയാണ് നിയമിച്ചത്. തനിക്ക് കൂടി സ്വീകാര്യനും വിശ്വാസ്യതയുമുള്ള വ്യക്തിയാണ്. മന്ത്രി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യക്തി എന്ന നിലയിലാണ് പൊതുപ്രവര്‍ത്തന രംഗത്തെ പരിചയസമ്പന്നനെ നിയമിച്ചത്. മാധ്യമങ്ങള്‍ ഇത്ര രൂക്ഷ വിമര്‍ശനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. സഭയില്‍ പ്രതിപക്ഷ നേതാവ് പോലും തന്നെ വിമര്‍ശിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ബന്ധു നിയമനം വിവാദമായ പശ്ചാത്തലത്തിൽ മുൻപും ന്യായീകരിച്ച് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു.
സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവിന്റെ നിയമനത്തില്‍ കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് എം എം ഹസന്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിന് ശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശുപാര്‍ശകളുമായി വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞു. ശുപാര്‍ശ ഏറ്റെടുക്കും മുന്‍പ് സ്വയം പരിശോധിക്കണം. ശുപാര്‍ശകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ അംഗീകരിക്കൂ എന്നും സതീശന്‍ പറഞ്ഞു.
