‘ശ്രീറാംവെങ്കിട്ടരാമനെ കൂടെയിരുത്തിയത് സ്വാഭാവിക നടപടി; മുൻസർക്കാരിന്റെ കാലത്തും അതുണ്ടായിട്ടുണ്ട്’
തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്. ഉദ്യോഗസ്ഥർ വകുപ്പിന്റെ അഭിവാജ്യ ഘടകമാണെന്നും വാർത്താസമ്മേളനത്തിൽ ശ്രീറാമിനെ ഒപ്പമിരുത്തിയത് സ്വാഭാവിക നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാംവെങ്കിട്ടരാമൻ.
രണ്ടുദിവസം മുമ്പ് നിയമസഭാ മീഡിയാ റൂമിൽ കൃഷിവകുപ്പുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ടി. സിദ്ദിഖ് വകുപ്പ് ഡയറക്ടർ ശ്രീറാമിനെയും വേദിയിൽ ഒപ്പമിരിക്കാൻ വിളിച്ചത്. ശ്രീറാം വേദിയിലേക്ക് കയറിയതോടെ മാധ്യമപ്രവർത്തകർ പ്രതിഷേധമുയർത്തി. ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുക്കുന്ന വാർത്താസമ്മേളനത്തിൽ ഇരിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ഒന്നായി നിലപാടെടുത്തു.
ഒടുവിൽ ശ്രീറാം ആ റൂമിൽനിന്നും പുറത്തുപോയതോടെയാണ് വാർത്താസമ്മേളനം പുനഃരാരംഭിച്ചത്. ഈ വിഷയത്തിലാണ് മന്ത്രി ടി. സിദ്ദിഖ് ഇന്ന് വിശദീകരണവുമായി രംഗത്തെത്തിയത്. ഇനിയുള്ള വാർത്താ സമ്മേളനങ്ങളിൽ ശ്രീറാംവെങ്കിട്ടരാമനും ഉണ്ടാകുമെന്നും അത് സ്വാഭാവികമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഉദ്യോഗസ്ഥന്മാർ കൃഷി വകുപ്പിന്റെ അഭിവാജ്യ ഘടകമാണ്. കർഷകരെപ്പോലെ പ്രധാനപ്പെട്ടതാണ് ഈ ഉദ്യോഗസ്ഥന്മാരും. കർഷകരും ഉദ്യോഗസ്ഥരും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. അതിനിടയിൽ ഒരു അപശബ്ദത്തിലേക്കും പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.’ മന്ത്രി പറഞ്ഞു.
‘മുൻ സർക്കാരിന്റെ കാലത്തും കൃഷിമന്ത്രിക്കൊപ്പം വാർത്താസമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ ഇരുന്നിട്ടുണ്ട്. കൃഷിവകുപ്പിന്റെ ഇന്നലത്തെ പരിപാടിയിലും ശ്രീറാം പങ്കെടുത്തിരുന്നു. അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ഈ വകുപ്പ് മാറി വേറെ വകുപ്പിൽ പോയാലും, ആ വകുപ്പുമായി ബന്ധപ്പെട്ട വാർത്താസമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ ശ്രീറാമിന് പങ്കെടുക്കേണ്ടിവരും, അത് സ്വാഭാവികമാണ്.’ ടി. സിദ്ദിഖ് പറഞ്ഞു.
