നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം

Share our post

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ക്രൂരതകള്‍ പുറത്ത്. കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് രണ്ടാനച്ഛനായ അഷ്‌കറിന്റെ മൊഴി. കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിരുന്നുവെന്ന് അമ്മ അഖിലയും പ്രതികരിച്ചു. ജീവിതത്തിൽ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് ഉപദ്രവിച്ചതെന്ന് ഇരുവരും മൊഴി നല്‍കി. രണ്ട് കയ്യിലും പൊട്ടലുണ്ടായിട്ടും 13-ാംദിവസമാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

രണ്ട് കാല്‍വെള്ളകളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ഇത് കുട്ടി ഒരിടത്തിരിക്കാന്‍ വേണ്ടി ചെയ്തതെന്നാണ് അഷ്‌കറിന്റെ മൊഴി. മര്‍ദ്ദനമേറ്റ് പനി വന്ന കുട്ടിയുമായി മധുരയ്ക്ക് പോയി. മധുര ബസ് സ്റ്റാന്‍ഡില്‍വെച്ച് കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടായി. കൊല്ലപ്പെടുന്നതിന് നാലഞ്ചുമാസം മുന്‍പ് മര്‍ദ്ദനം തുടങ്ങി. കുട്ടിയുടെ രണ്ട് കയ്യും ഒടിഞ്ഞതും സൈക്കിളില്‍ നിന്ന് വീണിട്ടാണെന്നും മൊഴിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയിൽ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ അഷ്‌കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ അഷ്‌കർ മർദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!