രാജരാജേശ്വര ക്ഷേത്രത്തിന് സമീപം നാൽപത്തീരടിക്കളരിയുടെ അടിത്തറ; പുരാണകാലത്തെ ആയുധ പരിശീലന കുഴിക്കളരി?
തളിപ്പറമ്പ് : പുരാണകാലത്തെ ആയുധ പരിശീലന കുഴിക്കളരിയുടേതെന്നു കരുതുന്ന അടിത്തറ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം കണ്ടെത്തി. ക്ഷേത്രപരിസരത്തു കാടുപിടിച്ച സ്ഥലത്തെ മണ്ണു നീക്കിയപ്പോഴാണു ചെങ്കല്ലിൽ നിർമിച്ച പഴയ നാൽപത്തീരടിക്കളരിയുടേതെന്ന് കരുതുന്ന അസ്ഥിവാരം കണ്ടെത്തിയത്. പുരാണകാലത്ത് ഇവിടെ ഇത്തരമൊരു കളരിയുണ്ടായിരുന്നതായി കേട്ടുകേൾവിയുണ്ടായിരുന്നെങ്കിലും തെളിവുകൾ കണ്ടെത്തിയിരുന്നില്ല.
കേരള മാഹാത്മ്യം എന്ന കൃതിയിൽ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്നു രാജരാജേശ്വര ക്ഷേത്രം തന്ത്രി പുടയൂർ ജയനാരായണൻ നമ്പൂതിരി പറഞ്ഞു. ലക്ഷ്മീപുരത്ത് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ 42 അടി വിസ്തീർണമുള്ള ആലയത്തിൽ സുബ്രഹ്മണ്യനും പരശുരാമനും ചേർന്ന് ആയുധ പരിശീലനം നടത്തിയിരുന്നെന്നും അഗസ്ത്യൻ അതിന്റെ വായ്ത്താരികൾ ചൊല്ലിക്കൊടുത്തെന്നും പരാമർശമുണ്ടെന്നു ജയനാരായണൻ നമ്പൂതിരി പറഞ്ഞു. പെരുഞ്ചെല്ലൂർ എന്നും ലക്ഷ്മീപുരം എന്നുമാണു പുരാണകാലത്ത് തളിപ്പറമ്പ് അറിയപ്പെട്ടിരുന്നത്.
പുരാണകാലത്ത് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കളരിയുണ്ടായിരുന്നതായി കരുതുന്ന സ്ഥലം വൃത്തിയാക്കുന്നതിനിടെ മണ്ണു നീക്കിയപ്പോഴാണ് 42 അടി വിസ്തീർണമുള്ള പഴയ കുഴിക്കളരിയുടെ അവശിഷ്ടങ്ങൾ കിട്ടിയതെന്ന് ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ പറഞ്ഞു. കോലത്തിരി രാജവംശത്തിന്റെ ക്ഷയത്തിനുശേഷം ചിറക്കൽ രാജവംശവുമായി ക്ഷേത്രത്തെച്ചൊല്ലി തർക്കമുണ്ടായപ്പോൾ, ക്ഷേത്രസംരക്ഷണത്തിനായി പോരാളികൾക്ക് ഇത്തരത്തിൽ കളരികളിൽ ആയുധ പരിശീലനം നൽകിയിരുന്നതായി കേട്ടറിവുണ്ടെന്നും ടി.പി.വിനോദ് കുമാർ പറഞ്ഞു. പുരാവസ്തുവകുപ്പ് ഉൾപ്പെടെ ഇതിനെക്കുറിച്ച് പഠിക്കുകയാണെങ്കിൽ അതിനുള്ള അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
