റേഷൻ കാർഡ് ഇല്ല അപേക്ഷ നൽകാനാകാതെ കുഴങ്ങി; ബംഗാളി വിദ്യാർഥിയുടെ സ്വപ്നത്തിന് മുഖ്യമന്ത്രിയുടെ കാവൽ

Share our post

തിരുവനന്തപുരം: രോഹന് പഠിക്കണം, തലസ്ഥാനത്തുതന്നെ. പക്ഷേ, അപേക്ഷ കൊടുക്കാനെത്തിയപ്പോൾ റേഷൻ കാർഡില്ലാത്തത് വിനയായി. ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ റോഹന്റെ സ്വപ്നം പൂവണിഞ്ഞു. 13 വർഷമായി പത്തനംതിട്ട റാന്നിയിലാണ് ബംഗാൾ സ്വദേശികളായ രോഹൻ പ്രധാനും കുടുംബവും താമസം. എന്നാൽ, ഇതുവരെ റേഷൻകാർഡ് എടുത്തിരുന്നില്ല.

പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടി 1200-ൽ 1150 മാർക്കോടെ വിജയിച്ച രോഹന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബി.കോം. വിത്ത് എ.സി.സി.എ. പഠിക്കണമെന്നായിരുന്നു ആഗ്രഹം. അപേക്ഷാ പോർട്ടലിൽ റേഷൻ കാർഡിന്റെ വിശദാംശം ചോദിച്ചപ്പോൾ പൂരിപ്പിക്കാനാകാതെ കുഴങ്ങി. വ്യാഴാഴ്ച റാന്നി ജില്ലാപഞ്ചയത്തംഗം ആരോൺ ബിജിലി പനവേലിന്റെ സഹായത്തോടെ രോഹന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു. അദ്ദേഹം രോഹന്റെ കാര്യം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളിയാഴ്ച അച്ഛനൊപ്പം കോളേജിലെത്തി അപേക്ഷ നൽകി.

1995-ലാണ് രോഹന്റെ പിതാവ് സിലിഗുരി സ്വദേശി റോബർട്ട് പ്രധാൻ ഹോട്ടൽജോലിക്കായി കേരളത്തിലെത്തുന്നത്. ഒപ്പം സിക്കിം സ്വദേശി ഭാര്യ റീത്തയും രണ്ടുമക്കളും. റോഹൻ പഠിച്ച റാന്നി എം.എസ്. ഹയർസെക്കൻഡറി സ്കൂളിലാണ് സഹോദരി റെബികയും.

മുഖ്യമന്ത്രി മുൻകൈയെടുത്ത് ഉപരിപഠനം ഉറപ്പാക്കിയതിന്റെ സന്തോഷത്തിലാണ് രോഹൻ. ‌അഡ്മിഷൻ സമയത്ത് വിളിക്കാമെന്നും മെറിറ്റിൽത്തന്നെ പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടെന്നും കോളേജിൽനിന്ന് അറിയിച്ചതായി രോഹൻ പറഞ്ഞു. റേഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഉടനെ ലഭിക്കുമെന്നും റോബർട്ട് പ്രധാനും പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!