ബന്ധുനിയമന വിവാദം; മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരേ നിയമസഭയിൽ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷം. എന്നാല്‍ വിഷയത്തിൽ മന്ത്രി മറുപടി പറഞ്ഞില്ല.
മന്ത്രിയുടെ സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ഉളിക്കൽ മേഖലയിലെ സജീവ കോൺഗ്രസ് പാർട്ടി പ്രവർത്തകനും ജനകീയ നേതാവുമാണ് ബെന്നി തോമസ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, 10 വർഷം ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു. നിലവിൽ കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ് അദ്ദേഹം. ബെന്നി തോമസിന്റെ നിയമനം ബന്ധുനിയമനമല്ല രാഷ്ട്രീയ നിയമനം മാത്രമാണെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
