പണി തീരാതെ പേരാവൂർ താലൂക്കാസ്പത്രി; പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് മലയോരം

Share our post

പേരാവൂർ: 2021-ൽ തറക്കല്ലിട്ട് 2024-ലാരംഭിച്ച പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ഇപ്പോഴും ഇഴഞ്ഞു തന്നെ. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്ന കഴിഞ്ഞ സർക്കാരിന്റെ പ്രഖ്യാപനം പ്രാരംഭ ഘട്ടം പോലും പൂർത്തീകരിക്കാതെ കിടക്കാൻ തുടങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന വർഷം അന്നത്തെ ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജയാണ് ബഹുനില ആസ്പത്രി കെട്ടിടത്തിന് ശിലയിട്ടത്. ഇന്നത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് എം.എൽ.എയുടെ സാന്നിധ്യത്തിൽ രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി കെട്ടിടം പ്രവർത്തന സജ്ജമാക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം 2024 മാർച്ചിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. അതാവട്ടെ, ഇഴഞ്ഞിഴഞ്ഞാണ് നടക്കുന്നതും. 18 മാസങ്ങൾ കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ.

ഏഴു നിലകളുള്ള കെട്ടിടത്തിന് ഒന്നാം ഘട്ടമായി മൂന്ന് നിലകൾ നിർമിക്കാൻ 37 കോടി 19.5 ലക്ഷം രൂപയാണ് കിഫ്ബി ഫണ്ടനുവദിച്ചത്. ഊരാളുങ്കൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. തുടക്കം മുതൽ ഇഴയുന്ന നിർമാണം രണ്ട് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. കേവലം വിരലിലെണ്ണാവുന്ന തൊഴിലാളികളാണ് സൈറ്റിലിപ്പോഴുള്ളത്.

ദുരിതത്തിലാവുന്നത് നിർധന രോഗികൾ

പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെയും ആറളം പുനരധിവാസ കേന്ദ്രത്തിലെയും ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന കേന്ദ്രമാണ് പേരാവൂർ താലൂക്കാസ്പത്രി. ബഹുനിലകെട്ടിടം നിർമിക്കാൻ നിലവിലുണ്ടായിരുന്ന ഒ.പി, ഐ.പി, പ്രസവാർഡ്, അത്യാഹിത വിഭാഗം കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. പകരം, താത്കാലിക കെട്ടിടത്തിലാണ് ഒ.പിയും അത്യാഹിത വിഭാഗവും പ്രവർത്തിക്കുന്നത്. ഇവയാവട്ടെ ആവശ്യത്തിന് സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ദിവസവും 800-ഓളം രോഗികൾ ഇരു വിഭാഗത്തിലുമായി ചികിത്സ തേടുന്നുണ്ട്. നില്ക്കാനും ഇരിക്കാനുമിടമില്ലാതെ രോഗികൾ ദുരിതത്തിലായിട്ടും ആരോഗ്യവകുപ്പ് ഒന്നുമറിയാത്ത മട്ടിലാണ്.

പ്രതീക്ഷ പുതിയ സർക്കാരിൽ

കെട്ടിട നിർമാണം ഇനിയെങ്കിലും വേഗത്തിലാകുമെന്ന പ്രതീക്ഷയാണ് മലയോരജനതക്കുള്ളത്. സ്ഥലം എം.എൽ.എ സണ്ണി ജോസഫ് മന്ത്രിയായത് പേരാവൂർ ആസ്പതിയുടെ നിർമാണത്തിന് വേഗം കൂട്ടുമെന്നും ആസ്പത്രി സ്‌പെഷാലിറ്റിയായി ഉയർത്തുമെന്നും പ്രചരണമുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ നിലപാട് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് നാട്ടുകാർ. മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇക്കുറി പേരാവൂരിൽ ജനവിധി തേടുമ്പോൾ, ജയിച്ചുവന്നാൽ പ്രഥമ പരിഗണന ബഹുനില കെട്ടിടം നിർമിക്കുന്നതിലായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ നിലപാട് ഇക്കുറി സണ്ണി ജോസഫും ആവർത്തിച്ചിരുന്നു. സണ്ണി ജോസഫ് ജയിക്കുകയും മന്ത്രിയാവുകയും ചെയ്തതോടെ ജനങ്ങൾ ഇക്കാര്യത്തിൽ വലിയ പ്രതീക്ഷയിലാണ്.

ഡോക്ടർമാരും ജീവനക്കാരുമില്ല

താലൂക്കാസ്പത്രിയിൽ ഏതാനും മാസങ്ങളായി ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്ത അവസ്ഥയാണ്. ജില്ലയിൽ ഏറ്റവുമധികം പ്രസവങ്ങൾ നടന്ന ഇവിടെ ഗൈനക്കോളജിസ്റ്റിന്റെ സേവനമില്ലാതായിട്ട് മാസങ്ങളായി. വിവിധ വിഭാഗങ്ങളിൽ ജീവനക്കാരും ആവശ്യത്തിനില്ല. ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയോരവാസികൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!