പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ പ്രവാസികളെ ബാധിക്കുന്നത് എങ്ങനെ?
പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രവാസികളെയും പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഫൈനാന്‍ഷ്യല്‍ ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി വിലയിരുത്തുന്നത് ഇന്ത്യയെ ആണ്. യുദ്ധത്തിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ വിമാന പാത അടച്ചാല്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടിവരും.
ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്കും തിരിച്ചും യാത്രചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. 300 ഇന്ത്യന്‍ വിമാനങ്ങളാണ് ഈ സാഹചര്യത്തില്‍ റദ്ദാക്കേണ്ടിവരിക. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും വിമാന കമ്പനികള്‍ നിര്‍ബന്ധിതമാകും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമല്ല, യൂറോപ്പിലേക്ക് പോകുന്നതിനും തടസം നേരിടാം. യൂറോപ്പിലേക്ക് പോകാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് പശ്ചിമേഷ്യ വഴിയുള്ളത്. പ്രതിസന്ധികാരണം വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടിവന്നാല്‍ യൂറോപ്പിലേക്കുള്ള ദൂരം വര്‍ദ്ധിക്കും.
പ്രവാസികളെ മാത്രമല്ല മൊത്തത്തില്‍ ഇന്ത്യയെ ഈ യുദ്ധം പ്രതികൂലമായി ബാധിക്കും. ഓഹരി വിപണി ഇടിയുന്നതാണ് അതില്‍ പ്രധാനം. ഓഹരി വിപണിയെയാണ് യുദ്ധം ആദ്യം പ്രതിഫലിക്കുക. ഇന്നത്തെ നില പരിശോധിച്ചാല്‍ നിഫ്റ്റി- 24,100ല്‍ താഴേക്ക് പോവുകയും, സെന്‍സെക്‌സ്- 500 പോയിന്റ് ഇടിയുകയും ചെയ്തിട്ടുണ്ട്. ഓട്ടോ ഇന്റെക്‌സ് 1.6%വും ഇടിഞ്ഞു. കഴിഞ്ഞ 52 ആഴ്ചത്തെ കണക്ക് എടുത്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 36.14 ശതമാനം താഴെയാണ് ഇന്ത്യന്‍ ഓഹരി വിപണി നില്‍ക്കുന്നത്.
എണ്ണവില വര്‍ദ്ധിക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. നിലവില്‍ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില- $84 ആയി. പാചകവാതക വിലയും വര്‍ദ്ധിക്കും. ഹോര്‍മൂസില്‍ ചരക്ക് നീക്കം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വാണിജ്യ സിലിണ്ടറിന് 180 രൂപ കുറഞ്ഞിരുന്നു. ഇറക്കുമതിയുടെ 60% ഗള്‍ഫില്‍ നിന്നായതുകൊണ്ട് ഹോര്‍മൂസ് വീണ്ടും തടസപ്പെട്ടാല്‍ ആദ്യം ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കും. രൂപയുടെ മൂല്യം ഇടിയുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇന്ന് രൂപയുടെ മൂല്യം ഒരു ഡോളറിന് 96 രൂപയാണ്. ഇത് മെയ് 22ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. വിദേശ മൂലധനം ലക്ഷ്യം വച്ച് റിസര്‍വ് ബാങ്ക് സ്വീകരിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായി രൂപയുടെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് വീണ്ടും വലിയ ഇടിവുണ്ടായത്.
പശ്ചിമേഷ്യയില്‍ ഇന്നും ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇന്ന് പുലര്‍ച്ചെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെ മേഖലയിലെ ജൂണിലെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും തകരുകയും പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധമുനമ്പായി മാറുകയും ചെയ്യുകയാണ്.
ഇറാന്റെ തന്ത്രപ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക്, ജാസ്‌ക് എന്നിവിടങ്ങളിലും ഖഷം മേഖലയിലുമാണ് യുഎസ് സൈന്യം വന്‍തോതില്‍ വ്യോമാക്രമണം നടത്തിയത്. ഖഷം ദ്വീപില്‍ മാത്രം 11 മിസൈലുകളാണ് പതിച്ചത്. ഇതിന് മറുപടിയായി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി തെഹ്റാന്‍ പ്രഖ്യാപിച്ചു. ഇതോടെ ഇറാനെതിരെ കര്‍ശനമായ നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സുരക്ഷ ഉറപ്പാക്കി ഈ വഴി കടന്നുപോകുന്ന ഇറാന്റേതല്ലാത്ത കപ്പലുകളില്‍ നിന്ന് 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഹോര്‍മുസില്‍ അമേരിക്കന്‍ ഇടപെടല്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍.
