വീട്ടിലേക്ക് പാമ്പുകളെ ആകർഷിക്കുന്ന ആ അഞ്ച് ഗന്ധങ്ങൾ ഇവയാണ്; ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
കനത്ത മഴയും കാറ്റും നിറഞ്ഞ മഴക്കാലത്ത് വീടുകൾക്ക് ചുറ്റും പാമ്പുകളുടെ സാന്നിധ്യം വർധിക്കാനുള്ള സാധ്യതയേറെയെന്നാണ് റിപ്പോർട്ട്. മഴയെത്തുടർന്ന് മാളങ്ങളിൽ വെള്ളം കയറുമ്പോൾ സുരക്ഷിതമായ ഒരിടം തേടിയാണ് പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. എന്നാൽ, വീടിന് ചുറ്റുമുള്ള ചില പ്രത്യേക ഗന്ധങ്ങൾ അറിഞ്ഞോ അറിയാതെയോ പാമ്പുകളെ നിങ്ങളുടെ വീടിന്റെ ഉമ്മറപ്പടി വരെ എത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ. പാമ്പുകളെ വീടുകളിലേക്ക് ആകർഷിക്കുന്ന ആ അഞ്ച് പ്രധാന ഗന്ധങ്ങൾ താഴെപ്പറയുന്നത് പ്രകാരമാണ്,
1. എലികളുടെ വിസർജ്ജ്യങ്ങൾ: പാമ്പുകളുടെ പ്രധാന ഭക്ഷണമാണ് എലികൾ. മഴയിൽ തങ്ങളുടെ മാളങ്ങൾ നശിക്കുമ്പോൾ എലികൾ വീടുകളിലും പരിസരത്തും അഭയം തേടാറുണ്ട്. എലികളുടെ മൂത്രത്തിന്റെയും വിസർജ്ജ്യത്തിന്റെയും ഗന്ധം വളരെ ദൂരെ നിന്ന് തന്നെ മണത്തറിയാൻ പാമ്പുകൾക്ക് കഴിയും. ഇത് അവയെ എളുപ്പത്തിൽ വീടിന്റെ പരിസരത്തേക്ക് ആകർഷിക്കുന്നു.
2. പക്ഷികളുടെ കൂടും കാഷ്ഠവും: പലതരം പാമ്പുകൾ പക്ഷികളെയും അവയുടെ മുട്ടകളെയും ആഹാരമാക്കാറുണ്ട്. വീടിന്റെ ഓടുകളിലോ മരങ്ങളിലോ പക്ഷികൾ കൂടുണ്ടാക്കുകയാണെങ്കിൽ, ആ ഗന്ധം തിരിച്ചറിഞ്ഞ് പാമ്പുകൾ അവിടേക്ക് എത്താൻ സാധ്യതയേറെയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
3. തവളകളുടെയും മീനുകളുടെയും സാന്നിധ്യം: മഴക്കാലത്ത് തവളകൾ കൂടുതലായി പുറത്തിറങ്ങാറുണ്ട്. വീടിന് പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നതും ഓടകൾ അടഞ്ഞിരിക്കുന്നതും തവളകളെയും ചെറിയ മീനുകളെയും ആകർഷിച്ചേക്കും. തവളകളും മീനുകളും പാമ്പുകൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമായതിനാൽ, ഇവയുടെ ഗന്ധം പാമ്പുകളെ വീടിന്റെ പരിസരത്തെത്താൻ പ്രേരിപ്പിക്കും.
4. മറ്റ് പാമ്പുകളുടെ ഫെറോമോണുകൾ: പാമ്പുകൾ ഇണകളെ കണ്ടെത്താനും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാനും ഫെറോമോണുകൾ എന്ന രാസവസ്തു ഉപയോഗിക്കാറുണ്ട്. നേരത്തെ ഏതെങ്കിലും പാമ്പ് നിങ്ങളുടെ പറമ്പിലൂടെ പോയിട്ടുണ്ടെങ്കിൽ, അത് അവശേഷിപ്പിച്ച ഗന്ധം പിന്തുടർന്ന് മറ്റ് പാമ്പുകളും അവിടേക്ക് എത്താൻ സാധ്യതയുണ്ട്. മഴക്കാലം പല പാമ്പുകളുടെയും പ്രജനന കാലം കൂടിയായതിനാൽ ഈ സാധ്യത വളരെ കൂടുതലാണ്.
5. മാളങ്ങളും ഒളിത്താവളങ്ങളും: വീടിനോട് ചേർന്നുള്ള പുല്ലുകൾക്കിടയിലും കരിയില കൂട്ടിയിട്ട സ്ഥലങ്ങളിലും തടികൂട്ടിയിട്ട ഇടങ്ങളിലും പാമ്പുകൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ സാധിക്കും. ഇത്തരം സ്ഥലങ്ങളിൽ നിന്ന് പുറത്തുവരുന്ന ഗന്ധവും പാമ്പുകൾക്ക് സുരക്ഷിതമായ ഒളിത്താവളം തേടിയെത്തുന്ന പ്രവർണതയും അവയെ നിങ്ങളുടെ വീട്ടിലേക്ക് അടുപ്പിച്ചേക്കാം.
മനുഷ്യരെ കണ്ടാൽ പാമ്പുകൾ സാധാരണയായി ഒഴിഞ്ഞുമാറാനാണ് ശ്രമിക്കാറുള്ളത്. എങ്കിലും, വീടിന് ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും എലികളുടെയും മറ്റ് ഇരകളുടെയും സാന്നിധ്യം ഒഴിവാക്കുന്നതിലൂടെയും ഇത്തരം അപ്രതീക്ഷിത അതിഥികളെ അകറ്റിനിർത്താൻ സാധിക്കും. പരിസരത്ത് വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുന്നതും പാമ്പുകൾക്ക് പ്രവേശിക്കാനാകുന്ന ചെറിയ വിടവുകൾ അടയ്ക്കുന്നതും സുരക്ഷ വർധിപ്പിച്ചേക്കും.
