ഇ.ഡി റെയ്ഡിൽ മൗനം പാലിച്ച് സതീശൻ; ചോദ്യങ്ങളിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
കോഴിക്കോട്: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പാണക്കാട് തറവാട്ടിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി. പാണക്കാട് കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കാൻ കഴിയുന്ന ദിവസങ്ങളായി വരാനിരിക്കുന്ന കാലം മാറണമെന്നും അദ്ദേഹം ആശംസിച്ചു.
എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം വിഷയം മാറ്റുകയായിരുന്നു.
സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുടെ വസതിയിലടക്കം നടന്ന ഇ.ഡി റെയ്ഡുകൾ രാഷ്ട്രീയമായി വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ മൗനം. നേരത്തെ ഇതേ വിഷയത്തിൽ പ്രതികരണം തേടിയപ്പോഴും കൃത്യമായ ഉത്തരം നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.
