ഭാര്യ സ്വന്തം വീട്ടിൽ പോയത് ഇഷ്ടമായില്ല, ഭാര്യ ഉൾപ്പടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്
പാലക്കാട്: ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ പ്രകോപിതനായ യുവാവ് ഭാര്യ ഉൾപ്പടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മയിലുംപുറത്ത് ബുധനാഴ്ചയാണ് സംഭവം.
കുടുംബ വീട്ടിലെ സർപ്പകാവിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് ദിവസം മുൻപാണ് അനിൽ കുമാറിന്റെ ഭാര്യ പത്മജ സ്വന്തം വീട്ടിൽ പോയത്. പത്മജ വീട്ടിൽ പോകുന്നത് അനിൽ കുമാറിന് ഇഷ്ടമില്ലായിരുന്നു.
അനിൽ കുമാറിന്റെ അനുവാദമില്ലാതെയാണ് പത്മജ വീട്ടിൽ പോയത്. പരിപാടി നടക്കുന്നതിനിടെ അനിൽ കുമാർ ആയുധവുമായി വീട്ടിലെത്തി. ഈ സമയം പത്മജ വസ്ത്രം മാറാൻ വീട്ടിലെ മുറിയിലേക്ക് പോയിരുന്നു.
വീട്ടിലെത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് ആക്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച സച്ചിനെയും അനിൽ കുമാർ ആക്രമിച്ചു. സംഭവത്തിൽ ഇടപെട്ട ചെറിയച്ഛൻ മോഹൻ കുമാറിന്റെ കഴുത്തിലും നെഞ്ചിലും മുതുകിലും അനിൽ കുമാർ കുത്തി. ഇവരുടെ ബന്ധു വിഷ്ണു ജിത്തിനെയും അനിൽ കുമാർ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
