കണ്ണവത്ത് രണ്ട് പേർ കാറിടിച്ച് മരിച്ച സംഭവത്തിൽ മണത്തണ സ്വദേശിക്കെതിരെ കേസെടുത്തു
കണ്ണവം: രണ്ടു പേരുടെ ജീവൻ കവർന്ന അപകടത്തിൽ കാർ ഓടിച്ച ഡ്രൈവർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. മണത്തണ അയോത്തുംചാലിലെ ചിറമ്മൽ ജോണി (57) ക്കെതിരെയാണ് മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തത്. ബി.എൻ.എസ് 281, 106 (1) വകുപ്പുകൾ ചുമത്തിയാണ് കേസ്.
ജോണി ഓടിച്ച കാറിടിച്ചാണ് കഴിഞ്ഞ ദിവസം കണ്ണവം ടൗണിലുണ്ടായ അപകടത്തിൽ തൊടീക്കളം കൂടലിലെ എള്ളും കണ്ടി വീട്ടിൽ സജീഷ് കുമാർ എന്ന ബാബുവും (55), കൈച്ചേരിയിലെ ബി.ഇ.ഇസ്മയിലും (56) മരിച്ചത്. റോഡരികിലൂടെ നടക്കുകയായിരുന്ന ഇരുവരെയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ കാറോടിച്ച ജോണിയും കൂടെയുണ്ടായിരുന്ന പേരാവൂർബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബൈജു വർഗീസും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
40 വർഷമായി കണ്ണവം ടൗണിൽ ടയർ പഞ്ചർ കട നടത്തുകയാണ് ബാബു. മൂന്നര അടി മാത്രം ഉയരമുള്ള ഇസ്മയിൽ അദ്ഭുത ദ്വീപ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
