പേരാവൂരിൽ മഞ്ഞപ്പിത്തം വ്യാപകം; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
പേരാവൂർ: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപിച്ചതോടെ പ്രതിരോധ നടപടികളും ജാഗ്രതാ നിർദേശങ്ങളുമായി പഞ്ചായത്തും ആരോഗ്യവകുപ്പും രംഗത്തിറങ്ങി. പഞ്ചായത്തിലെരണ്ടാം വാർഡായമുരിങ്ങോടിയിലെ പെരുമ്പുന്ന കരിയിൽ മേഖലയിലാണ് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച കഴിഞ്ഞ ദിവസം ഒരു യുവാവ് മരിക്കുകയും ചെയ്തു. ഈ വാർഡിൽ മാത്രം 15 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേർ പേരാവൂർ താലൂക്ക് ആസ്പത്രിയിലും മറ്റുള്ളവർ സ്വകാര്യാാസ്പത്രികളിലും ചികിത്സയിലാണ്. നിലവിൽ വിവിധ വാർഡുകളിലായി 29 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ പഞ്ചായത്ത്ആരോഗ്യവകുപ്പിന്റെനേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നതിനൊപ്പം പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ വീടുകളിലെത്തി ബോധവത്ക്കരണം നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വീടുകളും പരിസരങ്ങളും ശുചീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ആരോഗ്യവിഭാഗം ഹെല്ത്ത് ഇൻസ്‌പെക്ടർ പി.കെ.ശ്രീജിത്ത്, ജെ.എച്ച്.ഐരേഷ്മ, പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചാലാറത്ത്, കെ.പി.അബ്ദുൾ റഷീദ്, കെ അംബുജാക്ഷൻ, ഷീബ ഗോപിനാഥ്, കെ.ജെ.ജോയിക്കുട്ടി,കെ.സ്മിത,,ആശവർക്കർ രജിത തുടങ്ങിയവർ നേതൃത്വം നൽകി.
