കണ്ണൂരിൽ ആശുപത്രിയിൽനിന്നും രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. കണ്ണൂർ നഗരത്തിൽനിന്നുമാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തിരുന്നു.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തിയിരുന്നു. മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
